യുവതിയുടെ സമ്മതം ലഭിച്ചാല്‍ ശശിക്കെതിരായ പരാതി പോലീസിന് കൈമാറുമെന്ന് എം. എ ബേബി
പീഡനത്തിനു ഇരയായ പെണ്‍കുട്ടിയുടെ സമ്മതം ലഭിച്ചാല്‍ ശശിക്കെതിരായ പരാതി പോലീസിന് കൈമാറുമെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എം.എ ബേബി.
സ്ത്രീപീഡകര്‍ക്ക് പാർട്ടിയിൽ സ്ഥാനമുണ്ടാകില്ല എന്ന് വ്യക്തമാക്കിയ അദ്ദേഹം കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ തയ്യാറാകാത്ത കത്തോലിക്കാ സഭയുടെ പുരുഷാധിപത്യ സമീപനം തിരുത്തണമെന്നും ആവശ്യപ്പെട്ടു.
എ. കെ ബാലനും പികെ ശ്രീമതിയും നടത്തുന്ന അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കും. പരാതി നല്കിയ സഖാവിന്റെ സ്വകാര്യത സംരക്ഷിക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പക്ഷേ, പൊലീസിന് പരാതി നല്കാന്‍ സഖാവ് തീരുമാനിച്ചാല്‍ പാര്‍ടിയും സര്‍ക്കാരും എല്ലാ പിന്തുണയും ആ സഖാവിന് നല്കും. പൊലീസ് കൈകാര്യം ചെയ്യേണ്ട പ്രശ്‌നമാണെന്ന് പാര്‍ട്ടിക്ക് ബോധ്യമായാല്‍, യുവ സഖാവ് സമ്മതിച്ചാല്‍, പരാതി പൊലീസിന് കൈമാറുകയും ചെയ്യുമെന്നും ബേബി വ്യക്തമാക്കി.
ജലന്ധര്‍ രൂപതയുടെ മെത്രാന്‍ ഫ്രാങ്കോ മുളയ്ക്കലിനെതിരായ പരാതിയുമായി ബന്ധപ്പെട്ട് നടപടി ആവശ്യപ്പെട്ട് അഞ്ചു കന്യാസ്ത്രീകള്‍ സത്യഗ്രഹം നടത്തേണ്ടിവന്നത് അസാധാരണമായ സാഹചര്യമാണ്. പൊലീസ് ഇക്കാര്യത്തില്‍ നിയമപരമായ നടപടി ഉടന്‍ എടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു ഒത്തു തീര്‍പ്പിനും വഴങ്ങില്ലെന്ന് ഉറപ്പുണ്ട്. എന്നാല്‍, കത്തോലിക്ക സഭാ നേതൃത്വം ഇക്കാര്യത്തില്‍ നിഷേധാത്മകമായ നിലപാടാണ് എടുക്കുന്നത്. സഭയെ വിശ്വസിച്ച്, ജീവിതം സഭയ്ക്ക് സമര്‍പ്പിച്ച കന്യാസ്ത്രീകളെ സംരക്ഷിക്കാന്‍ അവര്‍ തയ്യാറാവുന്നില്ല അദ്ദേഹം പറയുന്നു.