പെട്രോള്‍ 55 രൂപ ഡീസല്‍ 50 രൂപ ; സ്വപ്ന പദ്ധതിയുമായി കേന്ദ്രമന്ത്രി
ഇന്ധനവില ശരവേഗത്തില്‍ കുതിക്കുന്നതിന്റെ ഇടയില്‍ പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാനാകുന്ന പുതിയ നിര്‍ദേശവുമായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി രംഗത്ത്.
ജൈവ ഇന്ധനം ഉപയോഗിച്ചാല്‍ രാജ്യത്ത് പെട്രോള്‍ 55 രൂപയ്ക്കും ഡീസല്‍ 50 രൂപയ്ക്കും നല്‍കാനാകുമെന്നാണ് ഗഡ്കരി പറയുന്നത്. ചത്തിസ്ഗഡിലെ പരിപാടിയ്ക്കിടെയാണ് കേന്ദ്രമന്ത്രി നിര്‍ദേശം അവതരിപ്പിച്ചത്. ജൈവ ഇന്ധന ഉത്പാദനത്തിന് രാജ്യത്ത് ഏറ്റവും സാധ്യതയുള്ള സംസ്ഥാനമാണ് ചത്തിസ്ഗഡെന്ന് ചൂണ്ടികാട്ടിയ മന്ത്രി അരിയില്‍ നിന്നും ഗോതമ്പില്‍ നിന്നും നഗരമാലിന്യത്തില്‍ നിന്നും ജൈവഇന്ധനം ഉത്പാദിപ്പിക്കുന്ന ഫാക്ടറികള്‍ സ്ഥാപിക്കണമെന്നും അതുവഴി പെട്രോളിന്റെയും ഡീസലിന്റെയും വില കുറയുമെന്നും ആവശ്യപ്പെട്ടു.
രാജ്യത്തെമ്പാടും ഇത്തരത്തിലുള്ള ജൈവ ഫാക്ടറികളിലൂടെ ഇന്ധനം ഉണ്ടാക്കാന്‍ സാധിച്ചാല്‍ സ്വയം പര്യാപ്തതയിലേക്ക് കാര്യങ്ങള്‍ എത്തുമെന്നും ഗഡ്കരി ചൂണ്ടികാട്ടി. എഥനോള്‍, മെഥനോള്‍, ജൈവ ഇന്ധനം, സി.എന്‍.ജി എന്നിവയെ കാര്യക്ഷമമായി ഉപയോഗിക്കാന്‍ രാജ്യത്തിന് സാധിക്കണം. അങ്ങനെവന്നാല്‍ പെട്രോള്‍, ഡീസല്‍ എന്നിവയെ അമിതമായി ആശ്രയിക്കുന്ന സ്ഥിതിക്ക് അവസാനമുണ്ടാക്കാം.
അഞ്ച് എഥനോള്‍ ഫാക്ടറികള്‍ സ്ഥാപിക്കാനുള്ള നീക്കത്തിലാണ് പെട്രോളിയം മന്ത്രാലയമെന്നും ഗഡ്കരി വ്യക്തമാക്കി. ഈ ഫാക്ടറികളില്‍ നെല്ല്, ഗോതമ്പ്,കരിമ്പ്, മുനിസിപ്പല്‍ മാലിന്യങ്ങള്‍ എന്നിവയില്‍ നിന്ന് ഇന്ധനം ഉല്‍പ്പാദിപ്പിക്കും. അതിന് ശേഷം ഡീസല്‍ പെട്രോള്‍ ലിറ്ററിന് 55 രൂപയും ലിറ്ററിന് 50 രൂപയും ആകുമെന്നും അദ്ദേഹം പ്രത്യാശിച്ചു.
എട്ട് ലക്ഷം കോടിയുടെ പെട്രോളും ഡീസലുമാണ് ഇറക്കുമതി ചെയ്യുന്നത്. ഇവയുടെ വില നാള്‍ക്ക് നാള്‍ കൂടുകയാണ്. രൂപയുടെ മൂല്യം ഇടിയുന്നു. കര്‍ഷകര്‍ക്കും, ആദിവാസികള്‍ക്കും, കാട്ടുവാസികള്‍ക്കും എഥനോളും, മെഥനോളും, ജൈവ ഇന്ധനവും ഉത്പാദിപ്പിച്ച് വിമാനം വരെ പറപ്പിക്കാമെന്ന് 15 വര്‍ഷമായി ഞാന്‍ പറയുന്നതാണ്. അതുവഴി ഇവര്‍ക്കെല്ലാം ധനികരായി മാറാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.