പിണറായി വിജയന്‍ കേരളത്തില്‍ നിയമവാഴ്ചയും ധാര്‍മ്മിക ബോധവും തകര്‍ത്തു എന്ന് സി.ആര്‍ പരമേശ്വരന്‍

കേരളത്തിലെ നിയമവാഴ്ചയും ധാര്‍മ്മിക ബോധത്തെയും ആഴത്തില്‍ തകര്‍ത്തതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്ന് പ്രമുഖ എഴുത്തുകാരന്‍ സി.ആര്‍. പരമേശ്വരന്‍. തന്റെ ഫേസ് ബുക്ക് പോസ്റ്റിലാണ് പാര്‍ട്ടിയേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ച് സി.ആര്‍.പരമേശ്വരന്‍ രംഗത്തെത്തിയിരിക്കുന്നത്. തന്റേതല്ലാത്ത കാരണങ്ങളാല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരി പിണറായി വിജയനെപ്പോലെ മറ്റൊരാള്‍ കേരള ചരിത്രത്തില്‍ ഉണ്ടാവില്ല. കന്യാസ്ത്രീ വിഷയത്തില്‍ ഒന്നാം പ്രതി ഫ്രാങ്കോ ആണെങ്കില്‍ ഇതോടനുബന്ധിച്ച് കേരളീയ ജീവിതത്തിലെ നിയമവാഴ്ചയെയും ധാര്‍മ്മിക ബോധത്തെയും ആഴത്തില്‍ തകര്‍ത്തതില്‍ ഒന്നാം പ്രതി പിണറായി വിജയനാണെന്ന് സി.ആര്‍ എഴുതുന്നു.

കപട സദാചാരവാദിയായ മലയാളി ഒരിക്കലും ഈ കുറ്റം പിണറായി വിജയന്മേല്‍ ആരോപിക്കില്ല. മലയാളി എസ്.പിയെയോ ഐജിയേയോ കുറ്റപ്പെടുത്തും. കൂടിപോയാല്‍ ഭരണകൂടമെന്നോ, രാഷ്ട്രീയ നേതൃത്വമെന്നോക്കെ പറയും അപ്പോഴും പിണറായി വിജയനെ ആരും കുറ്റപ്പെടുത്തില്ലെന്നും സി.ആര്‍. എഴുതുന്നു. ഒരു എകശാസനന്‍ ഭരിക്കുന്ന പാര്‍ട്ടിയില്‍ പിണറായി അല്ലാതെ മറ്റൊരു നേതൃത്വമില്ലെന്നും എന്നാലും പിണറായിക്ക് നേരെ വിരല്‍ചൂണ്ടാന്‍ മലയാളി മടിക്കുമെന്നും .

സ്ത്രീകളുടെ മാനത്തിന് വിലയിട്ട് പണമോ വോട്ടോ അധികാരമോ വാങ്ങുന്ന കാര്യത്തിലും ലൈംഗിക കുറ്റവാളികളെ സംരക്ഷിക്കുന്ന കാര്യത്തിലും പാര്‍ട്ടി ഒരു സ്ഥിരം കുറ്റവാളിയാണ്. പി.ശശി, ഐസ്‌ക്രീം, സൂര്യനെല്ലി, കിളിരൂര്‍-കവിയൂര്‍, സോളാര്‍ ഇന്നിങ്ങനെ മിക്ക ലൈംഗിക ആരോപണ കേസുകളിലും പാര്‍ട്ടി പ്രതിസ്ഥാത്തായി നിലകൊള്ളേണ്ടി വരുന്നത് ഇങ്ങനെയാണെന്നും അദ്ദേഹം പറയുന്നു.

എന്നാല്‍ ജ്ഞാനപീഠക്കാരനോ നോബല്‍ പ്രൈസുകാരനോ കാന്‍ ജേതാവോ ശാസ്ത്രസാഹിത്യപരിഷത്തിലെ ഭീഷ്മപിതാമാഹന്മാരോ മുതല്‍ ഒടുക്കത്തെ ഫെമിനിച്ചികള്‍ വരെ പിണറായിക്ക് അസൌകര്യം ഉണ്ടാക്കുന്നതൊന്നും മിണ്ടില്ലെന്നു അദ്ദേഹം തുറന്നടിച്ചു . എന്നാല്‍ അവസാനം ന്യൂനപക്ഷക്കാരനായ വിശുദ്ധപീഡകനെ സംരക്ഷിക്കുന്നത് മോദിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയത്തെ തോല്‍പ്പിക്കാനാണെന്ന രീതിയില്‍ കാര്യങ്ങള്‍ വ്യാഖ്യാനിക്കപ്പെടുമെന്നും സി.ആര്‍.പരമേശ്വരന്‍ വ്യക്തമാക്കുന്നു.

സി.ആര്‍.പരമേശ്വരന്റെ ഫേസ്ബുക്ക് പോസ്റ്റ്:

തന്റേതല്ലാത്ത കാരണങ്ങളാല്‍ അറപ്പിക്കും വിധം പുകഴ്ത്തപ്പെടുകയും സഹിഷ്ണുതപ്പെടുകയും ചെയ്യപ്പെട്ട ഒരു ഭരണാധികാരി പിണറായി വിജയനെപ്പോലെ മറ്റൊരാള്‍കേരള ചരിത്രത്തില്‍ ഉണ്ടാവില്ല .കന്യാസ്ത്രീ വിഷയത്തില്‍ ഒന്നാം പ്രതി ഫ്രാങ്കോ ആണെങ്കില്‍ ഇതോടനുബന്ധിച്ച് കേരളീയജീവിതത്തിലെ നിയമവാഴ്ചയെയും ധാര്‍മ്മിക ബോധത്തെയും ആഴത്തില്‍ തകര്‍ത്തതില്‍ ഒന്നാം പ്രതി പിണറായി വിജയനാണ് .അത് ഒരുവനും പറയില്ല.ഒരു പാര്‍ട്ടി വന്പിച്ച തോതില്‍ പണമോ വോട്ടുവാഗ്ദാനമോ അതോ രണ്ടും കൂടിയോ വാങ്ങി ഒരു നീചനെ രക്ഷിക്കാന്‍ ശ്രമിക്കുന്ന അഴുകിയ സംഭവത്തില്‍ കുറ്റക്കാരായി കപടമലയാളി പറയുക എസ്.പി.യെ ,ഐ.ജി.യെ,അല്ലെങ്കില്‍ ഡി.ജി.പിയെ .ഏറി വന്നാല്‍ വളരെ ബുദ്ധിമുട്ടി ‘ഭരണകൂടം’ എന്ന പേരു പറയും.അല്ലെങ്കില്‍ ‘രാഷ്ട്രീയ നേതൃത്വം’ എന്ന് പറയും.ഒരു എകശാസനന്‍ ഭരിക്കുന്ന പാര്‍ട്ടിയില്‍ പിണറായി അല്ലാതെ എതു രാഷ്ട്രീയ നേതൃത്വം?

ഈ സംഭവം എന്തോ ആകസ്മികമായ ആദ്യസംഭവം ആണെന്ന മട്ടിലാണ് മലയാളിയുടെ പ്രതികരണം.സ്ത്രീകളുടെ മാനത്തിന് വിലയിട്ട് പണമോ വോട്ടോ അധികാരമോ വാങ്ങുന്ന കാര്യത്തിലും ലൈംഗികകുറ്റവാളികളെ സംരക്ഷിക്കുന്ന കാര്യത്തിലും ഈ പാര്‍ട്ടി ഒരു സ്ഥിരം കുറ്റവാളി ആണ്. പി.ശശി,ഐസ്‌ക്രീം,സൂര്യനെല്ലി,കിളിരൂര്‍-കവിയൂര്‍,സോളാര്‍ -എത്രയെത്ര നാറ്റ ക്കേസുകള്‍.എന്നിട്ടതെല്ലാം ‘വേറിട്ട പാര്‍ട്ടി’യുടെ സുഗന്ധമായി സ്വീകരിക്കുന്ന മലയാളി!

ജ്ഞാനപീഠക്കാരനോ നോബല്‍ പ്രൈസ് കാരനോ കാന്‍ ജേതാവോ ശാസ്ത്രസാഹിത്യപരിഷത്തിലെ ഭീഷ്മപിതാമാഹന്മാരോ മുതല്‍ ഒടുക്കത്തെ ഫെമിനിച്ചികള്‍ വരെ പിണറായിക്ക് അസൌകര്യം ഉണ്ടാക്കുന്നതൊന്നും മിണ്ടില്ല.

എന്നിട്ട് ,അവസാനം ന്യൂനപക്ഷക്കാരനായ വിശുദ്ധപീഡകനെ സംരക്ഷിക്കുന്നത് മോദിയെയും സംഘപരിവാറിനെയും തോല്‍പ്പിക്കാന്‍ ആണെന്ന് വരവ് വക്കും. ഹൊ!