അപ്പസ്‌തോലിക സന്ദര്‍ശനത്തിനായി മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കാബാവ വിയന്നയിലെത്തും
വിയന്ന: ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍സംഘത്തിന്റെ മുന്‍ അദ്ധ്യക്ഷനും മലങ്കര കത്തോലിക്ക സഭയുടെ തലവനും പിതാവുമായ മോറാന്‍ മോര്‍ ബസേലിയോസ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കാബാവ വിയന്നയിലെത്തുന്നു. മാര്‍ ഇവാനിയോസ് മലങ്കര മിഷന്റെ ദേവാലയമായ ബ്രൈറ്റന്‍ന്‍ഫെല്‍ഡിലാണ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കബാവ പ്രഥമ സ്ലൈഹീക സന്ദര്‍ശനത്തിനായി എത്തുന്നത്.
ഒക്ടോബര്‍ 6,7 തിയതികളില്‍ വിയന്നയില്‍ സന്ദര്‍ശനം നടത്തുന്ന അത്യുന്നത കര്‍ദ്ദിനാളിനെ മലങ്കര മിഷന്റെ ചാപ്ലയിന്‍ ഫാ. തോമസ് പ്രശോഭ് ഒ.ഐ.സിയും, ഇടവകാംഗങ്ങളും ചേര്‍ന്ന് സ്വീകരിക്കും. തുടര്‍ന്ന് ഒക്ടോബര്‍ ആറാം തിയതി (ശനി) വൈകിട്ട് 5.30ന് ബ്രൈറ്റന്‍ന്‍ഫെല്‍ഡ് ദേവാലയത്തില്‍ അദ്ദേഹം വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. വിയന്നയിലെ വിവിധ സഭകളില്‍പ്പെട്ട വൈദികര്‍ സഹകാര്‍മ്മികരാകും. കുര്‍ബാനയ്ക്കു ശേഷം എം.സി.വൈ എം ഗോള്‍ഡന്‍ ജൂബിലി ആഘോഷങ്ങള്‍ അഭിവന്ദ്യ കാതോലിക്കബാവാ ഉത്ഘാടനം ചെയ്യും. സ്‌നേഹവിരുന്നോടുകൂടി സമ്മേളനം സമാപിയ്ക്കും.
കേരളത്തില്‍ നിന്നും അഞ്ചാമത്തെ കര്‍ദ്ദിനാളായി ആഗോള സഭയിലെ ശ്രേഷ്ഠ പദവികളിലേക്കു വളരെ ചെറിയ പ്രായത്തില്‍ തന്നെ എത്തിചേര്‍ന്ന ചുരുക്കം വ്യക്തികളിലൊരാളാണ് കര്‍ദ്ദിനാള്‍ ക്‌ളീമിസ് കാതോലിക്കബാവ. മാര്‍പാപ്പയെ തിരഞ്ഞെടുക്കുന്ന കര്‍ദ്ദിനാള്‍മാരുടെ തിരുസംഘത്തിലെ അംഗമായ അദ്ദേഹം മലങ്കര കത്തോലിക്കാ സഭയില്‍ നിന്നും ആദ്യമായി കര്‍ദ്ദിനാള്‍ പദവിയിലേയ്ക്ക് ഉയര്‍ത്തപ്പെട്ട വ്യക്തിയാണ്. എക്യൂമെനിസത്തില്‍ റോമില്‍ നിന്നും ഡോക്ടറേറ്റ് നേടിയ തിരുമേനി താന്‍ പഠിച്ച സഭാദര്‍ശനം നിരന്തരം പ്രാവര്‍ത്തികമാക്കുന്ന ശ്രദ്ധേയനായ ഇടയന്‍ കൂടിയാണ്.
അഭിവന്ദ്യ കാതോലിക്കാബാവ കാണാനും, തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കാനും ഏവരെയും മാര്‍ ഇവാനിയോസ് മലങ്കരമിഷന്റെ പള്ളിക്കമ്മിറ്റി ക്ഷണിച്ചു.