വീണ്ടും ചൂടുപിടിക്കുന്നു ചാരക്കേസ്; നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രം: കെ.മുരളീധരന്‍
കോഴിക്കോട്: ഐഎസ്.ആര്‍.ഒ ചാരക്കേസില്‍ നീതികിട്ടാതെ പോയത് കെ.കരുണാകരന് മാത്രമെന്ന് കെ.മുരളീധരന്‍. നമ്പി നാരായണന് 50 ലക്ഷം നഷ്ടപരിഹാരം നല്‍കാനുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നു. അന്ന് കുറ്റമാരോപിക്കപ്പെട്ടയാളുകളെല്ലാം ഇന്ന് സംശയത്തിന്റെ നിഴലില്‍ നിന്ന് പുറത്തുവന്നിരിക്കുന്നു. നമ്പി നാരായണന് വൈകിയാണ് നീതി ലഭിച്ചത്. മറ്റൊരു കുറ്റാരോപിതാനായ രമണ്‍ ശ്രീവാസ്തവ ഇപ്പോള്‍ മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവാണ്. എന്നാല്‍ നീതി കിട്ടാതെ മരിച്ചത് കെ.കരുണാകരനാണെന്നും അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും വിധിയില്‍ തൃപ്തയുണ്ടെന്നും മുരളീധരന്‍ വ്യക്തമാക്കി.
ജുഡീഷ്യല്‍ അന്വേഷണത്തില്‍ മൂന്ന് ഉദ്യോഗസ്ഥന്‍മാരെ ചോദ്യം ചെയ്യുന്ന സമയത്ത് ഗൂഢാലോചനകള്‍ പുറത്തുവരും. അതിനു മുമ്പ് ആരാണ് ഇത് ചെയ്തതെന്ന് പറയുന്നത് ശരിയല്ല. അതിനു തെളിവുമില്ല. ചാരവൃത്തിയില്‍ കെ.കരുണാകരനെ രാജിവെപ്പിക്കാന്‍ അവസാനമായി ശ്രമിച്ചത് നരസിംഹ റാവുവാണ്.
അതിന് കാരണം ബാബരി മസ്ജിദിന്റെ തകര്‍ച്ചയെ തുടര്‍ന്ന് ന്യൂനപക്ഷ വോട്ടുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുത്തിയത് നരസിംഹ റാവുവാണെന്നും അദ്ദേഹത്തെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നും ആക്ഷേപമുണ്ടായിരുന്നു. റാവുവിന് പകരം മാധ്യമങ്ങളില്‍ വന്ന പേരുകളില്‍ കെ.കരുണാകരന്റെ പേരും ഉള്‍പ്പെട്ടു. മാധ്യമങ്ങളില്‍ വന്ന രണ്ടുപേരെ ഹവാല കേസില്‍ ഉള്‍പ്പെടുത്തി റാവു രാജിവെപ്പിച്ചു. കരുണാകരന്റെ പേരില്‍ ഒന്നും ലഭിക്കാത്തതിനെ തുടര്‍ന്ന് ചാരക്കേസില്‍ കുടുക്കുകയായിരുന്നു.
ഒരാഴ്ച മുമ്പ് വരെ കരുണാകരന്‍ രാജിവെക്കേണ്ടതില്ലെന്ന് പറഞ്ഞ നരസിംഹ റാവു അതിനു ശേഷം നിലപാട് മാറ്റി രാജിആവശ്യപ്പെടുകയായിരുന്നു. ഡല്‍ഹിയിലേക്ക് വിളിപ്പ് കരുണാകരനെ ഒരാഴ്ചയോളം ഒരു സ്ഥാനവും നല്‍കാതെ ഇരുത്തി. അവസാനം ഒരു അപ്രധാന ചുമതലയുള്ള മന്ത്രിയാക്കി ഒതുക്കിയെന്നും മുരളീധരന്‍ പറഞ്ഞു. നരസിംഹ റാവു കരുണാകരനെ ചതിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.