മഹാപ്രളയത്തിന് ശേഷം വന്‍ വരള്‍ച്ച്; ജെ.എന്‍.യു. പഠന സംഘം കേരളത്തില്‍

dav

എടത്വാ (ആലപ്പുഴ): ജലപ്രളയക്കെടുതിയും മഹാപ്രളയത്തിന് ശേഷം കേരളം നേരിടുന്ന വന്‍ വരള്‍ച്ചയും നേരിട്ട് പഠിച്ച് റിപ്പോര്‍ട് തയ്യാറാക്കുവാന്‍ ന്യൂഡല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റിയില്‍ നിന്നും പ്രത്യേകം നിയോഗിക്കപ്പെട്ട പഠന സംഘം കേരളത്തില്‍ എത്തി. ഹര്‍ത്താല്‍ ദിവസമായ ഇന്നലെ കുട്ടനാട്ടില്‍ വിവരശേഖരണം നടത്തി.

പ്രൊഫ. അമിതാ സിങ്ങിന്റെ നേതൃത്വത്തിലുള്ള വിദ്യാര്‍ത്ഥി സംഘമാണ് ഹര്‍ത്താന്‍ ദിനത്തില്‍ കുട്ടനാടിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പ്രളയക്കെടുതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നത്. സംഘത്തോടൊപ്പം നിഷ ജോസ് ഉണ്ടായിരുന്നു. ഇന്ന് വയനാട് സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയതിനു ശേഷം സെപ്റ്റംബര്‍ 14ന് സംഘം ഡല്‍ഹിക്ക് മടങ്ങും.

കരകവിഞ്ഞൊഴുകി ജനത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ നദികള്‍ പലതും ഇപ്പോള്‍ വേനല്‍ക്കാലത്തെക്കാള്‍ വരണ്ട അവസ്ഥയിലാണ്. ഒരാഴ്ച മുമ്പ് വരെ ഇരുകര മുട്ടി ഒഴുകിയ
പമ്പാനദിയിലും പ്രളയക്കാലത്ത് ജലം ഏറ്റവും കൂടുതല്‍ ഉയര്‍ന്ന ചില ഭാഗങ്ങളിലും ജലവിതാനം ക്രമാതീതമായി താഴ്ന്നിരിക്കുന്നു. പ്രളയകാലത്ത് നിറഞ്ഞു തുളുമ്പിയ കിണറുകള്‍ എല്ലാം വറ്റി തുടങ്ങി.

ജലനിരപ്പ് താഴുന്നതോടെ പമ്പയാറ്റില്‍ പല ഭാഗങ്ങളിലും മണല്‍ത്തിട്ടകള്‍ തെളിഞ്ഞു തുടങ്ങി. കുട്ടനാടിലെ മിക്ക ജലാശയങ്ങളിലും ജലനിരപ്പ് ക്രമാതീതമായി താഴ്ന്ന് നദികളുടെ അടിത്തട്ട് വരെ കണ്ട് തുടങ്ങി.

പ്രളയജലം ജലാശയങ്ങളുടെ അടിത്തട്ടിലെ ചെളിക്കട്ട ഉള്‍പെടെയുള്ള മാലിന്യങ്ങള്‍ വലിച്ചെടുത്തു കൊണ്ട് പോയതിനാല്‍ ഇതുമൂലം ചിലയിടങ്ങളില്‍ ജലാശയങ്ങളുടെ ആഴംവര്‍ദ്ധിച്ചിട്ടുണ്ട്. അപൂര്‍വമായ കാലവസ്ഥയും മഴകുറവും ജലനിരപ്പ് താഴുവാന്‍ മറ്റൊരു കാരണമെന്ന് ശാസ്ത്രജ്ഞര്‍ അഭിപ്രായപെടുന്നെങ്കിലും വീണ്ടും ക്രമാതീതമായി ജലനിരപ്പ് താഴുകയും മഴ ഉണ്ടാകാതിരിക്കുകയും ചെയ്താല്‍ കടുത്ത വന്‍ വരള്‍ച്ചയും ശുദ്ധജല ക്ഷാമം ആണ് കേരളം നേരിടാന്‍ പോകുന്നതെന്നും മുന്‍കരുതല്‍ സ്വീകരിക്കുവാന്‍ അടിയന്തിര നടപടികള്‍ ഉണ്ടാകണമെന്നും ജനകീയ സമിതി ജനറല്‍ സെക്രട്ടറി അനി വര്‍ഗ്ഗീസ് കണ്‍വീനര്‍ ഡോ.ജോണ്‍സണ്‍ വി.ഇടിക്കുള എന്നിവര്‍ ആവശ്യപെട്ടു.