കേരളത്തിന് സാന്ത്വനമാകാന്‍ ഫ്രാന്‍സിലെ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഓണാഘോഷവും ധനശേഖരണവും

പാരീസ്: വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഫ്രാന്‍സ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 16ന് ഓണാഘോഷം സംഘടിപ്പിച്ചു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായുള്ള ധനശേഖരണാര്‍ത്ഥം പാരീസിലെ മാക്‌സ് ഡോര്‍മെ ഹാളില്‍ സംഘടിപ്പിച്ച ലളിതമായ ചടങ്ങില്‍ മുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു.

എഴുത്തുകാരനും, ജനീവയിലെ യു.എന്‍ ദുരന്തനിവാരണ തലവനുമായ ഡോ. മുരളി തുമ്മാരുകുടി ആയിരുന്നു മുഖ്യാതിഥി. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ആശയങ്ങള്‍ സംഭാവന ചെയ്യുന്നതില്‍ പ്രവാസികള്‍ക്കുള്ള പ്രാധാന്യം അദ്ദേഹം വിശദീകരിച്ചു. സംഘടനയുടെ ഫ്രാന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് രാജേഷ് സ്വാഗത പ്രസംഗം നടത്തി. കേരളത്തിലെ മഹാപ്രളയത്തില്‍ എല്ലാം നഷ്ടപെട്ടവര്‍ക്കുവേണ്ടി ദുഃഖസൂചകമായി ഒരു മിനിറ്റ് മൗനം ആചരിച്ചാണ് ആഘോഷങ്ങള്‍ തുടങ്ങിയത്.

ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ സെക്രട്ടറി സുഭാഷ് ഡേവിഡ് കേരളത്തിലെ പ്രളയബാധിത പ്രദേശങ്ങളില്‍ സംഘടന നടത്തിവരുന്ന പ്രവര്‍ത്തനങ്ങളെകുറിച് സംസാരിച്ചു. തുടര്‍ന്ന് പാരിസിലെ മലയാളികള്‍ അവതരിപ്പിച്ച കലാപരിപാടികള്‍ അരങ്ങേറി. ദീപയും സംഘവും അവതരിപ്പിച്ച തിരുവാതിരകളി, സിനിമാറ്റിക് ഡാന്‍സ്, എബ്രഹാം നയിച്ച കോമഡി മ്യൂസിക്കല്‍ സ്‌കിറ്റ്, മല്ലിക തലക് അവതരിപ്പിച്ച ഭരതനാട്യം, ശില്പ പിള്ളയുടെ നൃത്തം, സൂരജ്, ആതിര, റോയ്, നന്ദന എന്നിവരുടെ പാട്ടുകള്‍, വടംവലി മത്സരം എല്ലാം വേദിയിലെ മുഖ്യ ആകര്‍ഷണങ്ങളായിരുന്നു.

തുടര്‍ന്ന് ശിവന്‍, വനജ, ലളിത, ജനാര്‍ദനന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ നടന്നു. ഫ്രാന്‍സിലെ തദ്ദേശവാസിയായ ഹെന്റി മാവേലി വേഷം കെട്ടിയത് കൗതുകകരമായ കാഴ്ച്ചയായിരുന്നു. നമിത, അനീഷ, ശ്രീജ, പ്രവീണ എന്നിവരായിരുന്നു മുഖ്യ അവതാരകമാര്‍. നസിം (CFC Bordeaux) ആയിരുന്നു പരിപാടിയുടെ പ്രധാന സ്പോണ്‍സര്‍.

ഓണാഘോഷപരിപാടികളില്‍ നിന്നും ലഭിച്ച എല്ലാതുകയും കേരളത്തില്‍ നടക്കുന്ന പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ നിക്ഷേപിക്കുമെന്നു സംഘടകര്‍ അറിയിച്ചു. സുരേന്ദ്രന്‍ നായര്‍, രാജേഷ്, ജിത്തു, വികാസ്, സംഗീത്, ശിവന്‍, പ്രശാന്ത്, ഷാജന്‍, ലിയ, ജോണ്‍, എബ്രഹാം, ജോസഫ്, റോയ്, ഗായത്രി, സുനു, വനജ, ഫ്രാന്‍സോ, റാം, കിരണ്‍ എന്നിവര്‍ ഓണാഘോഷപരിപാടികള്‍ക്കു നേതൃത്വം നല്‍കി. ധനശേഖരണത്തിനായി സംഘടിപ്പിച്ച ചടങ്ങില്‍ പങ്കെടുത്തവര്‍ക്കും, സംഭാവനകള്‍ നല്‍കിയവര്‍ക്കും ഡബ്ലിയു.എം.എഫ് ഫ്രാന്‍സ് നന്ദി അറിയിച്ചു.

Photos: fsquarefotos