ഭൂകമ്പത്തിനു പിന്നാലെ സുനാമിയും ; ഇന്തോനേഷ്യയില്‍ മരണം നാന്നൂറ് കടന്നു
ഇന്‍ഡോനീഷ്യയിലെ സുലവേസി ദ്വീപില്‍ ഭൂകമ്പത്തെ തുടര്‍ന്ന് ഉണ്ടായ സുനാമിയില്‍ 384 പേര്‍ മരിച്ചു. വെള്ളിയാഴ്ചയാണ് 7.5 രേഖപ്പെടുത്തിയ ഭൂകമ്പത്തേത്തുടര്‍ന്ന് കടലോര നഗരമായ പാലുവില്‍ വന്‍ തിരമാലകള്‍ ആഞ്ഞടിച്ചത്.
സുനാമിയില്‍ 400 പേരോളം മരിച്ചതായി ഇന്‍ഡോനീഷന്‍ അധികൃതര്‍ പറയുന്നു. 384 പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ഇന്‍ഡോനീഷ്യ ദുരന്തനിവാരണ ഏജന്‍സി അറിയിപ്പ് നല്‍കി. ഒട്ടേറെ വീടുകള്‍ ഒഴുകിപ്പോയി. കടല്‍തീരത്ത് പകുതി മണ്ണില്‍ മൂടിയ മൃതദേഹങ്ങള്‍ കണ്ടതായി റിപ്പോര്‍ട്ടുകളുണ്ട്. അതുപോലെ ദുരന്തബാധിതമായ ചില പ്രദേശങ്ങളിലേക്ക് ഇതുവരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്താന്‍ സാധിച്ചിട്ടില്ലെന്നും ഇത് മരണസംഖ്യ ഇനിയും ഉയരാന്‍ ഇടയാക്കുമെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
10 അടി ഉയരമുള്ളമുള്ള തിരമാലയാണ് സുനാമിയേത്തുടര്‍ന്നുണ്ടായതെന്നാണ് അധികൃതര്‍ പറയുന്നത്. അതേസമയം ഒരുനിലക്കെട്ടിടത്തിന്റെ ഉയരമുള്ള തിരമാലയാണ് അടിച്ചതെന്ന് ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. 2004 ഡിസംബറില്‍ പടിഞ്ഞാറന്‍ ഇന്‍ഡൊനീഷ്യയിലെ സുമാത്രയില്‍ ശക്തമായ ഭൂചലനത്തെത്തുടര്‍ന്നുണ്ടായ സുനാമിയില്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലായി 2,30,000 പേര്‍ കൊല്ലപ്പെട്ടിരുന്നു.