ആദ്യരാത്രിയില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗം ചെയ്തു
വിവാഹരാത്രിയില്‍ തന്നെ യുവതിക്ക് കൂട്ടബലാത്സംഗം. ഹരിയാണയിലെ യമുനാനഗറിലാണ് ഭര്‍ത്താവിന്റെ ബന്ധുക്കളും മന്ത്രവാദിയും ചേര്‍ന്ന് നവവധുവിനെ കൂട്ടബലാത്സംഗത്തിനിരയാക്കിയത്. കുരുക്ഷേത്ര സ്വദേശിയായ യുവതിയുടെ പിതാവ് ശനിയാഴ്ച പോലീസിന് പരാതി നല്‍കിയതോടെയാണ് സംഭവം പുറത്ത് വന്നത്.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 12നാണ് യമുനാനഗര്‍ സ്വദേശി യുവതിയെ വിവാഹം കഴിച്ചത്. ആദ്യരാത്രിയില്‍ വരന്റെ വീട്ടുകാര്‍ മന്ത്രവാദിയെ വിളിച്ചുവരുത്തിയിരുന്നു. ലഹരി വസ്തുക്കള്‍ കഴിപ്പിച്ച ശേഷം ഭര്‍ത്താവിന്റെ മൂത്ത സഹോദരനുമായും ഭര്‍തൃസഹോദരിയുടെ ഭര്‍ത്താവുമായും നിര്‍ബന്ധപൂര്‍വം ലൈംഗിക ബന്ധത്തിലേര്‍പ്പെടുത്തുകയായിരുന്നു.
അടുത്ത മൂന്ന് ദിവസങ്ങളില്‍ പലവിധ മന്ത്രവാദ ചടങ്ങുകള്‍ നടക്കുകയും ഇതിനിടയില്‍ പലതവണ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തു. തുടര്‍ന്ന്‍ ഏതാനും ദിവസങ്ങള്‍ക്കകം യുവതിക്ക് മാനസിക അസ്വാസ്ഥ്യങ്ങളുണ്ടെന്ന് ആരോപിച്ച് ബന്ധുക്കള്‍ പിതാവിനെ വിളിച്ചുവരുത്തുകയായിരുന്നു. അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതി പിന്നീട് പിതാവിനോട് പീഡന വിവരങ്ങള്‍ വെളിപ്പെടുത്തുകയായിരുന്നു.
യുവതിയുടെ ഭര്‍തൃമാതാവിനും രണ്ട് ഭര്‍തൃസഹോദരിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നും പിതാവ് വ്യക്തമാക്കി. കുറ്റാരോപിതര്‍ തെളിവ് നശിപ്പിക്കാനായി യുവതിയുടെ വസ്ത്രങ്ങള്‍ കത്തിച്ചുകളഞ്ഞതായി പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി കേസ് യമുനാനഗര്‍ പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. അതേസമയം സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനു പങ്ക് ഉണ്ടോ എന്നകാര്യം വെളിവായിട്ടില്ല.