ലൈംഗിക പീഡനം പെണ്‍കുട്ടിക്ക് പരാതിയില്ല ; പികെ ശശിക്കെതിരെ കേസെടുക്കില്ല

തിരുവനന്തപുരം : പാര്‍ട്ടിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പികെ ശശിക്കെതിരായി കേസെടുക്കാനാകില്ലെന്ന് റിപ്പോര്‍ട്ട്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതിയോ മൊഴിയോ നല്‍കിയിട്ടില്ല. പെണ്‍കുട്ടിയെ നേരില്‍ കണ്ടു ചോദിച്ചിട്ടും പരാതി ഉന്നയിച്ചില്ല. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് പരാതികള്‍ ഉയര്‍ന്നത് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

പെണ്‍കുട്ടിക്ക് പരാതിയില്ലെങ്കില്‍ കേസെടുക്കാനാവില്ലെന്ന് നിയമോപദേശം ലഭിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡിജിപിക്ക് ലഭിച്ച ഒരു കൂട്ടം പരാതികളാണ് പ്രാഥമിക അന്വേഷണത്തിനായി തൃശൂര്‍ റേഞ്ച് ഐജിക്ക് നല്‍കിയത്. പാലക്കാട് എസ്പിയുടെ നേതൃത്വത്തിലായിരുന്നു പ്രാഥമിക അന്വേഷണം നടന്നത്. തുടര്‍ന്നാണ് ഐജി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ബാധിക്കപ്പെട്ടയാളോ ബന്ധുക്കളോ പറയാതെ മൂന്നാമതൊരാള്‍ പരാതി ഉന്നയിച്ചാല്‍ ഇത്തരം കേസുകളില്‍ പരാതി സ്വീകരിക്കാനാകില്ല. ആരോപണമുന്നയിക്കുന്ന ആളോ ബന്ധുക്കളോ പരാതി നല്‍കാതെ കേസ് നിലനില്‍ക്കില്ലെന്നാണ് ഡിജിപിക്ക് ലഭിച്ച നിയമോപദേശം. പൊലീസ് മൊഴിയെടുക്കാന്‍ ശ്രമിച്ചപ്പോള്‍ പെണ്‍കുട്ടി സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നാണ് ലഭിക്കുന്ന വിവരം. ഈ സാഹചര്യത്തില്‍ കേസെടുക്കാനാകില്ലെന്ന് തന്നെയാണ് പൊലീസ് വ്യക്തമാക്കുന്നത്.

ഷൊര്‍ണൂര്‍ എംഎല്‍എയായ പികെ ശശിക്കെതിരെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. എംഎല്‍എ അപമര്യാദയായി പെരുമാറിയെന്നായിരുന്നു യുവതിയുടെ പരാതി. ഡിവൈഎഫ്‌ഐ സമ്മേളനത്തിനിടെ ലൈംഗിക ചുവയോടെ സംസാരിക്കുകയും വഴങ്ങിക്കൊടുക്കാന്‍ ആവശ്യപ്പെട്ടുവെന്നും പരാതിയിലുണ്ട്. എന്നാല്‍ ആരോപണങ്ങള്‍ തള്ളിക്കൊണ്ട് പികെ ശശി രംഗത്ത് വരികയായിരുന്നു. തനിക്കെതിരെ അങ്ങനെയൊരു പരാതി പാര്‍ട്ടിക്ക് കിട്ടിയ കാര്യം അറിയില്ലെന്നായിരുന്നു അന്ന് പികെ ശശി പറഞ്ഞത്.

പാര്‍ട്ടിതല അന്വേഷണത്തില്‍ പൂര്‍ണ വിശ്വാസമുണ്ടെന്ന നിലപാടിലാണ് പെണ്‍കുട്ടി. മന്ത്രി എകെ ബാലനും പികെ ശ്രീമതിയും അടങ്ങുന്ന കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായും നടപടിക്ക് ശുപാര്‍ശയുള്ളതുമായാണ് വിവരം. ഈ ഘട്ടത്തിലാണ് നിയമപരമായി മുന്നോട്ട് പോകാന്‍ യുവതി തയ്യാറാകാത്തത്.