ഭൂകമ്പം സുനാമി ; ഇന്‍ഡോനീഷ്യയില്‍ മരിച്ചവരുടെ എണ്ണം 800 കവിഞ്ഞു
ഇന്‍ഡോനീഷ്യയില്‍ ഭൂകമ്പത്തിലും സുനാമിയിലും മരിച്ചവരുടെ എണ്ണം 832 ആയി. 500ലേറെപ്പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് സൂചന.
ദേശീയ ദുരന്ത നിവാരണ ഏജന്‍സിയാണ് സുനാമിയില്‍ 832 പേര്‍ മരിച്ചുവെന്ന വിവരം പുറത്ത് വിട്ടത്.
വെള്ളിയാഴ്ചയുണ്ടായ സുനാമിയില്‍ ഇന്തോനേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങള്‍ ബാധിക്കപ്പെട്ടില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ തീരത്തേക്ക് ആഞ്ഞടിച്ച തിരമാലകള്‍ ഇരുപത് അടിയില്‍ അധികം ഉയര്‍ന്നിരുന്നു. വിവിധ ഭാഗങ്ങളിലായി ചിതറപ്പോയവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ ഇന്തോനേഷ്യയില്‍ ഊര്‍ജ്ജിതമായി നടക്കുകയാണ്.
പാലു നഗരത്തില്‍ നിരവധിയാളുകള്‍ ഇനിയും മണ്ണില്‍ പുതഞ്ഞു കിടക്കുന്ന നിലയിലാണുള്ളത്. ഇവരില്‍ എത്ര പേരുടെ ജീവന്‍ രക്ഷിക്കാന്‍ സാധിക്കുമെന്നതിനെക്കുറിച്ച് രക്ഷാപ്രവര്‍ത്തകര്‍ക്ക് കൃത്യമായ വിലയിരുത്തല്‍ നടത്താന്‍ സാധിച്ചിട്ടില്ല.
വാര്‍ത്താ വിനിമയ മാര്‍ഗങ്ങള്‍ സുനാമിത്തിരയില്‍ തകര്‍ന്നടിഞ്ഞതോടെ പാലുവില്‍ നിന്ന് 34 കിലോമീറ്റര്‍ അകലെയുള്ള ഡോണഗ്ഗലയിലെ നാശനഷ്ടങ്ങളെക്കുറിച്ച് അധികൃതര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ഇല്ല. പല കെട്ടിടങ്ങള്‍ക്ക് അടിയില്‍ നിന്നും സഹായം അഭ്യര്‍ത്ഥിച്ചുള്ള നിലവിളികള്‍ കേട്ടതായി രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
പാലുവില്‍ വെള്ളിയാഴ്ച ഭൂകമ്പത്തിന് പിന്നാലെ സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അരമണിക്കൂറിന് ശേഷം ഇത് പിന്‍വലിച്ചിരുന്നു. മുന്നറിയിപ്പ് പിന്‍വലിച്ചത് മൂലം നിരവധി ആളുകള്‍ നഗരത്തില്‍ നിന്ന് പോകാതെയിരുന്നതാണ് മരണസംഖ്യ ഇത്രയും ഉയരാന്‍ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. 3.5ലക്ഷം പേര്‍ താമസിക്കുന്ന പാലു നഗരത്തില്‍ നിന്ന് പതിനേഴായിരം ആളുകളെ മാത്രമാണ് സുരക്ഷിതമായി ഒഴിപ്പിക്കാന്‍ സാധിച്ചിരുന്നത്.
റോഡുകളും പാലങ്ങളുമെല്ലാം ആഞ്ഞടിച്ച തിരയില്‍ തകര്‍ന്നു. മിക്കയിടങ്ങളിലും ഭക്ഷണവും മരുന്നുമടക്കം ആളുകള്‍ക്ക് എത്തിക്കാന്‍ ദുരന്ത നിവാരണ സേനയ്ക്ക് സാധിച്ചിട്ടില്ല. അതേസമയം ഭൂകമ്പത്തേത്തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് പെട്ടെന്ന് പിന്‍വലിച്ചതാണ് മരണസംഖ്യ ഉയരാനിടയാക്കിയതെന്ന് വിമര്‍ശനവുമുയരുന്നുണ്ട്.