കേരളത്തിന്‍റെ പുനര്‍നിര്‍മ്മാണത്തിനായി നെതർലൻറ്സ് സർക്കാരിനോട് സഹായം തേടി ഇന്ത്യ

പ്രളയത്തില്‍ തകര്‍ന്ന കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി നെതര്‍ലന്റ്‌സ് സര്‍ക്കാരിനോട് സഹായം തേടി ഇന്ത്യ. പ്രളയം തകര്‍ത്ത കേരളത്തിന് നേരത്തേ നെതര്‍ലാന്റ്‌സ് സഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സഹായിക്കാമെന്ന് അറിയിച്ച് നെതര്‍ലാന്റ്‌സ് സര്‍ക്കാര്‍ ഇന്ത്യയ്ക്ക് കത്തും നല്‍കിയിരുന്നു. ധനസഹായമല്ല, സാങ്കേതിക സഹായമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. നെതര്‍ലാന്റ്‌സ് അടിസ്ഥാന സൗകര്യ ജലസേചന മന്ത്രിയാണ് സഹായം അഭ്യര്‍ത്ഥിച്ച് ഇന്ത്യയ്ക്ക് കത്തെഴുതിയത്.

പ്രളയം ബാധിച്ചിടങ്ങളിലെ നിലവിലെ അവസ്ഥ പരിശോധിക്കാന്‍ വിദഗ്ധ ടീമിനെ കേരളത്തിലേക്ക് അയയ്ക്കാമെന്നാണ് കത്തില്‍ നിര്‍ദ്ദേശിച്ചിരുന്നത്. നെതര്‍ലാന്റ്‌സില്‍ വിജയിച്ച പദ്ധതികള്‍ കേരളത്തില്‍ മാതൃകയാക്കാമെന്നും കത്തില്‍ പറയുന്നു. വെള്ളപ്പൊക്ക നിയന്ത്രണത്തില്‍ മികവ് കാട്ടിയ രാജ്യമാണ് നെതര്‍ലാന്റ്‌സ്. നെതര്‍ലന്റ്‌സിലെ ഇന്ത്യന്‍ അംബാസഡര്‍ വേണു രാജാമണി ഇതുമായി ബന്ധപ്പെട്ട് കത്തു നല്‍കി. സാങ്കേതിക സഹായം തേടാന്‍ വിദേശകാര്യമന്ത്രി അനുമതി നല്‍കിയിരുന്നു. തുടര്‍നടപടിക്ക് കുറച്ചു ദിവസം വേണ്ടിവരുമെന്ന് നെതര്‍ലന്റ്‌സ് അറിയിച്ചു.