ന്യൂജഴ്സിയില്‍ നിന്നും ഇന്ത്യയിലേക്കുള്ള വിമാനയാത്രക്കിടെ പിഞ്ചുകുഞ്ഞ് മരിച്ചു

പി.പി. ചെറിയാന്‍

ന്യൂജഴ്സി: സെപ്റ്റംബര്‍ 26ന് ന്യൂജഴ്സിയില്‍ നിന്നും ഖത്തര്‍ വിമാനത്തില്‍ യാത്ര പുറപ്പെട്ടു ഹൈദരബാദ് വിമാനത്താവളത്തില്‍ ഇറങ്ങി മിനിറ്റുകള്‍ക്കകം 11 മാസമുള്ള ആണ്‍കുഞ്ഞ് മരിച്ച സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ന്യുജഴ്സിയില്‍ നിന്നും ദോഹ വഴിയായിരുന്നു യാത്ര. ദോഹയില്‍ നിന്നും മൂന്നര മണിക്കൂര്‍ നീളുന്ന ഹൈദരബാദിലേക്കുള്ള യാത്രയില്‍ വിമാനത്തില്‍ വച്ചു യാതൊരു അസുഖവും കുട്ടിക്ക് ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഖത്തര്‍ വിമാനക്കമ്പനി വക്താവ് പറഞ്ഞു.

ന്യുജഴ്സിയില്‍ നിന്നുമാണു അനില്‍ വര്‍മ്മയും പതിനൊന്ന് മാസം പ്രായമുള്ള അര്‍നവ് വര്‍മ്മയും യാത്ര തിരിച്ചത്. ഹൈദരബാദില്‍ ഇറങ്ങിയ ഉടനെ അനില്‍ വര്‍മ്മ കുട്ടിക്ക് സുഖമില്ലെന്ന് എയര്‍പോര്‍ട്ട് സ്റ്റാഫിനെ അറിയിച്ചു. ഉടനെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കുട്ടിയുടെ നെറ്റിയില്‍ ഒരു ചുവന്ന പാടുകണ്ടിരുന്നുവെന്നും മരണ കാരണം വ്യക്തമല്ലെന്നും ഖത്തര്‍ അധികൃതര്‍ പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിനുശേഷം മാത്രമേ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താനാകൂ എന്ന് അവര്‍ പറഞ്ഞു. അര്‍നവിന് അമേരിക്കന്‍ പാസ്പോര്‍ട്ടും, പിതാവ് അനില്‍ വര്‍മ്മക്ക് ഇന്ത്യന്‍ പാസ്പോര്‍ട്ടുമാണ് ഉണ്ടായിരുന്നതെന്നും അധികൃതര്‍ പറഞ്ഞു.