വാര്‍ത്താ സമ്മേളനത്തില്‍ കന്യാസ്ത്രീയെ അപമാനിച്ചു ; പി സി ജോര്‍ജ്ജിന് എതിരെ കേസ്
കുറുവിലങ്ങാട് : വൈദികന്റെ ലൈംഗികമായ പീഡനത്തിനു ഇരയായ കന്യാസ്ത്രീയെ വാര്‍ത്താ സമ്മേളനത്തില്‍ അപമാനിച്ചു എന്ന പേരില്‍ പി.സി ജോര്‍ജ് എംഎല്‍എക്കെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചതിന് ഐപിസി 509 വകുപ്പ് പ്രകാരമാണ് കുറവിലങ്ങാട് പൊലീസ് കേസെടുത്തത്. ബിഷപ്പ് ഫ്രാങ്കോ മുളയക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീക്കെതിരെ വാര്‍ത്താ സമ്മേളനം നടത്തുന്നതിനിടെയാണ് കന്യാസ്ത്രീയെ രൂക്ഷമായ ഭാഷയില്‍ മോശം പദപ്രയോഗങ്ങളിലൂടെ പി.സി ജോര്‍ജ്ജ് അപമാനിച്ചത്.
ഇതിനെതിരെ കന്യാസ്ത്രീ തന്നെ പരാതി നല്‍കുകയായിരുന്നു. നേരത്തേ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ പൊലീസ് പി.സി.ജോര്‍ജിനെതിരെ സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചിരുന്നു. ഇത് രണ്ടും ചേര്‍ത്താണിപ്പോള്‍ പി.സി.ജോര്‍ജിനെതിരെ കേസെടുത്തിരിക്കുന്നത്. കന്യാസ്ത്രീക്കെതിരെ മോശപരാമര്‍ശം നടത്തിയതിനെ തുടര്‍ന്ന് വ്യാപക പ്രതിഷേധമുയര്‍ന്നതോടെ വിശദീകരണം നല്‍കാന്‍ പി.സി ജോര്‍ജ്ജ് രണ്ടാമതും വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നു. രണ്ടാമത് നടത്തിയ വാര്‍ത്താസമ്മേളനത്തിലും കന്യാസ്ത്രീയെ മോശമായി എംഎല്‍എ ആക്ഷേപിക്കുകയായിരുന്നു.
നിരന്തരമായി മാധ്യമങ്ങളിലൂടെ പി.സി.ജോര്‍ജ്, ഫ്രാങ്കോ മുളയ്ക്കലിനെതിരെ ബലാത്സംഗപരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിയ്ക്കുന്ന പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. മിഷനറീസ് ഓഫ് ജീസസ് പുറത്തുവിട്ട, കന്യാസ്ത്രീയുടെ ചിത്രങ്ങള്‍ അടങ്ങിയ സിഡി പ്രചരിപ്പിയ്ക്കുകയും ചെയ്തു. കോട്ടയത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പി.സി.ജോര്‍ജ് തന്നെ അപമാനിയ്ക്കുന് തരത്തിലുള്ള പ്രസ്താവനകള്‍ നടത്തിയെന്ന് കന്യാസ്ത്രീ പൊലീസിന് നേരിട്ട് മൊഴി നല്‍കിയിരുന്നു. മഠത്തിലെത്തിയ കുറവിലങ്ങാട് എസ്.ഐ ദീപുവിനാണ് കന്യാസ്ത്രീ നേരിട്ട് മൊഴി നല്‍കിയത്.