തിരക്കൊഴിവാക്കാന്‍ ശബരിമലയില്‍ ഡിജിറ്റല്‍ ബുക്കിങ്ങും, സ്ത്രീകള്‍ക്കായി പ്രത്യേക സൗകര്യങ്ങളും

തിരുവനന്തപുരം: പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശിക്കാമെന്നുളള സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്കായി പ്രത്യേക ടോയിലറ്റുകളും വിരിവെയ്ക്കാന്‍ സൗകര്യങ്ങളും സൃഷ്ടിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ മാധ്യമങ്ങളെ അറിയിച്ചു.

ശബരിമലയില്‍ എത്തുന്നവര്‍ക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുന്നതിനായി മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതാധികാര സമതി യോഗമാണ് ഇക്കാര്യങ്ങള്‍ തീരുമാനിച്ചത്. നിലയ്ക്കലാണ് ബേസ് ക്യാംപ് ആക്കുന്നത്. നിലയ്ക്കലില്‍ ആദ്യഘട്ടത്തില്‍ ആറായിരം പേര്‍ക്ക് വിരിവെയ്ക്കുന്നതിനുളള സൗകര്യം ഒരുക്കുന്നതിനാണ് തീരുമാനിച്ചിരുന്നത് ഇത് പതിനായിരം ആക്കി വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചു. സ്ത്രീകള്‍ക്ക് പ്രത്യേകം വിരിവെയ്ക്കുന്നതിനുളള സൗകര്യം നിലയ്ക്കലും, എരുമേലിയിലും ഉണ്ടാകും. ഇതിന് പുറമെ പമ്പയിലും സ്ത്രീകള്‍ക്കാവശ്യമുളള കാര്യങ്ങള്‍ ചെയ്യും.

സ്ത്രീകള്‍ക്ക് പ്രത്യേക ടോയിലറ്റ് സൗകര്യം ഉണ്ടാക്കും. സ്ത്രീ ടോയിലറ്റുകള്‍ക്ക് തിരിച്ചറിയുന്നതിന് പ്രത്യേക നിറം നല്‍കും. പമ്പ, സന്നിധാനം എന്നിവിടങ്ങളിലും സ്ത്രീസൗഹൃദ ടോയിലെറ്റുകള്‍ ഏര്‍പ്പെടുത്തും. പമ്പയില്‍ നിലവില്‍ തന്നെ സ്ത്രീകള്‍ക്കായി പ്രത്യേക കടവ് ഉണ്ട്. പുതിയ സാഹചര്യത്തില്‍ അത് വിപുലമാക്കും. വെളിച്ചത്തിന്റെ കുറവ് ഉണ്ടാകുമെങ്കില്‍ അത് പരിഹരിക്കും.

വിശുദ്ധി സേനാംഗങ്ങളുടെ കൂട്ടത്തില്‍ ഇത്തവണ മുതല്‍ സ്ത്രികളെയും ഉള്‍പ്പെടുത്തും. വനിതാ പൊലീസിനെയും അധികമായി ഉപയോഗിക്കും. സമീപ സംസ്ഥാനങ്ങളില്‍ നിന്നും ആവശ്യമെങ്കില്‍ വനിതാ പൊലീസിനെ നല്‍കാമെന്ന് പറഞ്ഞിട്ടുണ്ട്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും വനിതാ പൊലീസിനെ എടുക്കുന്ന കാര്യം ആലോചിക്കുന്നു. സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ക്രമീകരണങ്ങള്‍ ചെയ്യും

തിരക്ക് ഒഴിവാക്കുന്നതിന് ഡിജിറ്റല്‍ ബുക്കിങ് സംവിധാനം ഏര്‍പ്പെടുത്താന്‍ ആലോചിച്ചിട്ടുണ്ട്. മറ്റ് പല ക്ഷേത്രങ്ങളിലും ഈ സംവിധാനമുണ്ട് ശബരിമലയില്‍ ഈ സംവിധാനം കൊണ്ടുവരാന്‍ ആലോചിക്കുന്നു.

നിലയ്ക്കല്‍ നിന്നും പമ്പയിലേയ്ക്കുളള ബസ്സില്‍ 25 ശതമാനം സീറ്റുകള്‍ സ്ത്രികള്‍ക്കായി സംവരണം ചെയ്യും. സ്ത്രീകള്‍ ഇല്ലെങ്കില്‍ പുരുഷന്മാര്‍ക്ക് ഈ സീറ്റുകളില്‍ ഇരിക്കാം. കുടിവെളള സൗകര്യം സജ്ജമാക്കിയിട്ടുണ്ട്. നിലയ്ക്കല്‍ മാത്രമല്ല വണ്ടിപെരിയാര്‍ എരുമേലി എന്നിവിടങ്ങളിലും കുടിവെളള സൗകര്യം ഏര്‍പ്പെടുത്തും.

തുലാമാസത്തില്‍ ആദ്യത്തെ അഞ്ച് ദിവസം സ്ത്രീകള്‍ക്ക് വരാം. അങ്ങനെ വരുന്നവര്‍ക്കുളള സൗകര്യം ഉണ്ടാകും. പ്രത്യേക ക്യൂ വേണ്ട നിലവിലും ഒറ്റക്യൂ ആണ് ഉളളത്. പതിനെട്ടാം പടിയില്‍ സ്ത്രീ പൊലീസിനെ നിര്‍ത്തണോ എന്നത് ആലോചിക്കും. ആവശ്യം വേണ്ടി വന്നാല്‍ സ്ത്രീ പൊലീസിനെ കൂടെ നിര്‍ത്തും.