കേന്ദ്രത്തിനു എതിരെ കര്‍ഷകരോഷം അണപൊട്ടി ; കർഷക മാര്‍ച്ചിന് നേരെ ഡല്‍ഹിയില്‍ ലാത്തിചാര്‍ജ്

കാര്‍ഷിക കടം എഴുതി തള്ളണമെന്നാവശ്യപ്പെട്ട് ഭാരതീയ കിസാന്‍ യൂണിയന്റെ കിസാന്‍ ക്രാന്തി യാത്രയില്‍ സംഘര്‍ഷം. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ചുള്ള കര്‍ഷക സംഘടനകളുടെ ദില്ലിയിലേക്കുള്ള മാര്‍ച്ച് യുപി-ദില്ലി അതിര്‍ത്തിയില്‍ പൊലീസ് തടഞ്ഞതിനെ തുടര്‍ന്നാണ് സംഘര്‍ഷം ഉണ്ടായത്. കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങളില്‍ പ്രതിഷേധിച്ച് പതിനായിരക്കണക്കിന് കര്‍ഷകരാണ് രാജ്യ തലസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തുന്നത്. അഞ്ച് ദിവസം മുമ്പ് ഹരിദ്വാറില്‍ നിന്ന് തുടങ്ങിയ മാര്‍ച്ച് ദില്ലി യുപി അതിര്‍ത്തിയായ ഗാസിയാ ബാദില്‍ എത്തിയപ്പോഴാണ് പൊലീസ് മാര്‍ച്ച് തടഞ്ഞത്.

നിരവധി റൗണ്ട് കണ്ണീര്‍ വാതക ഷെല്ലുകളും ജലപീരങ്കിയും പൊലീസ് കര്‍ഷകര്‍ക്ക് നേരെ പ്രയോഗിച്ചു. എന്നിട്ടും പിന്‍മാറാന്‍ തയ്യാറാകാതിരുന്ന കര്‍ഷകര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ‘ഞങ്ങള്‍ തീവ്രവാദികളല്ല ഞങ്ങള്‍ മുന്നോട്ടുപോകും’ എന്നുതുടങ്ങിയ മുദ്രാവാക്യങ്ങളോടെ കര്‍ഷകര്‍ പിന്നെയും മുന്നോട്ട് നീങ്ങി. നിരവധി കര്‍ഷകര്‍ക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് കര്‍ഷകര്‍ റോഡില്‍ കുത്തിയിരുന്ന് ഉപരോധസമരം തുടങ്ങി.

പദയാത്രക്ക് അനുമതി തേടിയിട്ടില്ല എന്നാണ് ഡല്‍ഹി പോലീസിന്റെ നിലപാട്. ബാരിക്കേഡിന് മുകളിലേക്ക് കര്‍ഷകര്‍ ട്രാക്ടര്‍ ഓടിച്ച് കയറ്റാന്‍ ശ്രമിക്കുകയായിരുന്നു. അഞ്ഞൂറിലധികം ട്രാക്ടറുകളാണ് സമരക്കാരുടെ കൂടെ ഉള്ളത്.

പതിനായിരക്കണക്കിന് കര്‍ഷകര്‍ എത്തുന്ന സാഹചര്യത്തില്‍ ദില്ലി നഗരാതിര്‍ത്തിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. സമാധാനപരമായി പുരോഗമിച്ച മാര്‍ച്ച് ഉത്തര്‍പ്രദേശ് അതിര്‍ത്തിയില്‍ പൊലീസ് ബാരിക്കേഡുകള്‍ സ്ഥാപിച്ച് തടഞ്ഞു. കര്‍ഷകര്‍ ഇവ ഭേദിക്കാന്‍ തുടങ്ങിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്. ഉത്തര്‍ പ്രദേശ് പൊലീസ് വലയം കര്‍ഷകര്‍ ഭേദിച്ചതോടെ ദില്ലി, യുപി പൊലീസ് സേനകള്‍ ലാത്തിച്ചാര്‍ജ് തുടങ്ങുകയായിരുന്നു. പൊലീസ് നടപടിയില്‍ ഏറ്റ പരുക്കുകളോടെ തന്നെ കര്‍ഷകര്‍ മുന്നോട്ടുപോകും എന്ന നിലപാടിലാണ്. അതേസമയം ദില്ലി അതിര്‍ത്തിയില്‍ നിന്ന് ദില്ലി നഗരത്തിലേക്ക് ഒരു കാരണവശാലും കര്‍ഷകരെ പ്രവേശിപ്പിക്കില്ല എന്ന നിലപാടിലാണ് പൊലീസ്.

കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കുക, ഇന്ധനവിലവര്‍ദ്ധന തടയുക, എംഎസ് സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുക, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുക തുടങ്ങിയ ആവശ്യങ്ങളുയര്‍ത്തിയാണ് കര്‍ഷകര്‍ ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുന്നത്. മാര്‍ച്ചില്‍ പങ്കെടുക്കുന്ന കര്‍ഷകരില്‍ ഭൂരിപക്ഷവും അറുപത് വയസ്സിന് മുകളില്‍ പ്രായമുള്ളവരാണെന്നതാണ് മറ്റൊരു ശ്രദ്ധേയ വിഷയം.