റോഹിങ്ക്യൻ അഭയാര്‍ത്ഥി കുടുംബം വിഴിഞ്ഞത്ത് കസ്റ്റഡിയില്‍ ; ജോലി തേടി എത്തിയത് എന്ന് വിശദീകരണം

റോഹിങ്ക്യന്‍ വിഭാഗക്കാരായ അഞ്ചംഗ കുടുംബത്തെ വിഴിഞ്ഞം പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് കുട്ടികളും ഒരു സ്ത്രീയുമടക്കമുള്ള കുടുംബമാണ് തിരുവനന്തപുരത്തെത്തിയത്. തയ്യൂബ്, ഭാര്യ സഫൂറ, മകന്‍ സഫിയാന്‍, സഹോദരന്‍ അര്‍ഷാദ്, ഭാര്യാസഹോദരന്‍ അന്‍വര്‍ ഷാ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് ഹൈദരാബാദില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ഇവര്‍ തിരുവനന്തപുരത്തെത്തിയത്. മ്യാന്‍മറില്‍ നിന്നും വനമാര്‍ഗ്ഗമാണ് ഇവര്‍ ഇന്ത്യയിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. തിരുവനന്തപുരത്ത് ട്രെയിന്‍ ഇറങ്ങിയ ഇവര്‍ രാവിലെ ഓട്ടോയില്‍ വിഴിഞ്ഞത്തെത്തിയെന്നാണ് പൊലീസ് പറയുന്നത്.

രണ്ട് വര്‍ഷത്തോളമായി ഇവര്‍ ഹൈദരാബാദില്‍ കഴിഞ്ഞുവരികയായിരുന്നു. ഹൈദരാബാദില്‍ ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടാത്തതിനാലാണ് തീരപ്രദേശമായ വിഴിഞ്ഞത്തെത്തിയതെന്നാണ് കുടുംബം പൊലീസിന് മൊഴി നല്‍കിയിരിക്കുന്നത്. വിഴിഞ്ഞത്തെ നിര്‍മാണക്കന്പനികളെക്കുറിച്ച് സുഹൃത്തുക്കളില്‍ നിന്നറിഞ്ഞെന്നും ജോലി തേടിയെത്തിയതാണെന്നും തയ്യൂബ് പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

മ്യാന്‍മറിലെ മ്യാവ് സ്വദേശികളാണ് അഞ്ച് പേരും. വനമാര്‍ഗമാണ് ഇന്ത്യയിലേക്കെത്തിയത്. ഇവരുടെ കൈവശം ഐക്യരാഷ്ട്ര സഭ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡുകളും, അഞ്ചംഗ കുടുംബത്തെ പൊലീസും രഹസ്യാന്വേഷണ വിഭാഗവും ചോദ്യം ചെയ്യുകയാണ്. പ്രഥമദൃഷ്ട്യാ സംശയിക്കത്തക്കവിധം ഒന്നുമില്ലെന്ന് പോലീസ് പറയുന്നു.