സംവിധായകന്‍ തമ്പി കണ്ണന്താനം അന്തരിച്ചു
പ്രമുഖ ചലച്ചിത്ര സംവിധായകന്‍ തമ്പി കണ്ണന്താനം (65) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. ശശികുമാറിനൊപ്പം സംവിധാന സഹായിയായാണ് തമ്പി കണ്ണന്താനം സിനിമാലോകത്തേക്ക് എത്തിയത്. പിന്നീട് ജോഷിയുടെ സംവിധാന സഹായിയായി. ജോഷി അദ്ദേഹത്തിന്റെ സംവിധാന ശൈലിയെ ഏറെ സ്വാധീനിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ഹിറ്റ് മേക്കര്‍മാരില്‍ പ്രമുഖനായ തമ്പി കണ്ണന്താനം ഒരുക്കിയതില്‍ ഏറെയും ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു. 1983 ല്‍ സംവിധാനം ചെയ്ത ‘താവളം’ ആണ് ആദ്യം സംവിധാനം ചെയ്ത സിനിമ.
തൊണ്ണൂറുകളില്‍ മോഹന്‍ലാലിനെ നായകനാക്കി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ അവയില്‍ മിക്കതും സൂപ്പര്‍ ഹിറ്റുകളായിരുന്നു. രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം, തുടങ്ങി പതിനാറ് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. അഞ്ച് സിനിമകള്‍ നിര്‍മ്മിച്ചു. മൂന്ന് സിനിമകള്‍ക്ക് കഥയും തിരക്കഥയും എഴുതി. 2002ല്‍ ലൈഫ് ഓണ്‍ ദി എഡ്ജ് ഓഫ് ഡെത്ത് എന്നൊരു ഹിന്ദി സിനിമയും സംവിധാനം ചെയ്തു. 2007ല്‍ പുറത്തിറങ്ങിയ ഒളിവര്‍ ട്വിസ്റ്റ് എന്ന സിനിമയില്‍ തമ്പി കണ്ണന്താനം അഭിനയിക്കുകയും ചെയ്തു.
2001ല്‍ ഒന്നാമന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിനൊപ്പം അദ്ദേഹത്തിന്റെ മകന്‍ പ്രണവ് മോഹന്‍ലാലിനെ ആദ്യമായി തിരശ്ശീലയില്‍ എത്തിച്ചതും തമ്പി കണ്ണന്താനം ആയിരുന്നു. 2004ല്‍ പുറത്തിറങ്ങിയ ഫ്രീഡം ആണ് അദ്ദേഹത്തിന്റെ അവസാന ചിത്രം. മോഹന്‍ലാലിനെ നായകനാക്കി രാജാവിന്റെ മകന്‍ വീണ്ടും ഒരുക്കാനുള്ള ആലോചനകള്‍ നടന്നുവരുമ്പോഴായിരുന്നു വിയോഗം. മൃതദേഹം നാളെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വയ്ക്കുമെന്ന് സുഹൃത്തുക്കളും സിനിമാപ്രവര്‍ത്തകരും അറിയിച്ചു. സംസ്‌കാരം മറ്റന്നാള്‍ കാഞ്ഞിരപ്പള്ളി കണ്ണന്താനത്ത് നടക്കും. ഭാര്യ കുഞ്ഞുമോള്‍. ഐശ്വര്യ, ഏഞ്ജല്‍ എന്നിവര്‍ മക്കളാണ്.