സഹകരണ ബാങ്കുകളെ ലയിപ്പിച്ചുകൊണ്ടുള്ള കേരളാ സഹകരണ ബാങ്കിനു റിസര്‍വ് ബാങ്ക് അനുമതി നല്‍കി
കേരളത്തിലെ 14 ജില്ലാ സഹകരണബാങ്കുകളെ ലയിപ്പിച്ചുകൊണ്ടുള്ള കേരളാ സഹകരണ ബാങ്ക് തുടങ്ങുന്നതിന് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ ലൈസന്‍സ് നല്‍കുമെന്നും അറിയിച്ചതായി മുഖ്യമന്ത്രി വ്യക്തമാക്കി.
അടുത്ത വര്‍ഷം മാര്‍ച്ച് 31നകം 14 ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.എന്നാല്‍, കേരള ബാങ്കിന് അനുമതി നല്‍കുന്നത് തടയാനായി സംസ്ഥാനത്തെ തന്നെ ചിലര്‍ റിസര്‍വ് ബാങ്കിനെ സമീപിച്ചിരുന്നു. ഇത്തരത്തിലുള്ളവരുടെ ശ്രമങ്ങള്‍ മറികടന്നാണ് ബാങ്കിന്റെ അനുമതി ലഭിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
കേരളാ ബാങ്ക് എന്ന ആശയവും അത് സാക്ഷാത്കരിക്കാനുള്ള ഇടതുപക്ഷ സര്‍ക്കാരിന്റെ ശ്രമങ്ങളും ദീര്‍ഘവീക്ഷണത്തോടെയുള്ളതും സംസ്ഥാനത്തിന്റെ വികസന ലക്ഷ്യങ്ങള്‍ മുന്‍ നിര്‍ത്തിയുള്ളതുമാണെന്നും സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.