കടക്കെണിയില്‍ അനില്‍ അംബാനിയും ; ഇന്ത്യ വിടുന്നത് തടയണമെന്ന് സുപ്രീംകോടതിയില്‍ ഹര്‍ജി
ശതകോടീശ്വരന്‍ അനില്‍ അംബാനി ഇന്ത്യ വിടുന്നത് തടയണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഡിഷ് ടെലികോം കമ്പനിയായ എറിക്‌സണാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. അനില്‍ അംബാനി, അദ്ദേഹത്തിന്റെ ഗ്രൂപ്പിലെ രണ്ട് സീനിയര്‍ എക്‌സിക്യൂട്ടീവുമാര്‍ എന്നിവര്‍ രാജ്യം വിടുന്നത് തടയണമെന്നാണ് ഹര്‍ജി. അനില്‍ അംബാനിയുടെ റിലയന്‍സ് കമ്യൂണിക്കേഷന്‍ തങ്ങള്‍ക്ക് 550 കോടിരൂപ തരാനുണ്ടെന്ന് കാട്ടിയാണ് എറിക്‌സണ്‍ കോടതിയെ സമീപിച്ചത്.
1600 കോടിയായിരുന്നു അനില്‍ അംബാനി നല്‍കാനുണ്ടായിരുന്നത്. എന്നാല്‍ പിന്നീടുണ്ടാക്കിയ ധാരണ പ്രകാരം ഇത് 550 കോടിയാക്കി ഇളവ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ 30 മുമ്പ് മുഴുവന്‍ പണവും കൊടുത്തുതീര്‍ക്കാമെന്നായിരുന്നു കോടതിയുടെ മേല്‍നോട്ടത്തില്‍ ഉണ്ടാക്കിയ ധാരണ. എന്നാല്‍ സമയപരിധി കഴിഞ്ഞിട്ടും റിലയന്‍സ് കമ്യൂണിക്കേഷന്‍ പണം എറിക്‌സണ് നല്‍കിയില്ല.
ഇതേതുടര്‍ന്നാണ് കമ്പനി സുപ്രീംകോടതിയെ സമീപിച്ചത്. അനില്‍ അംബാനി രാജ്യത്തെ നിയമങ്ങളെ ബഹുമാനിക്കുന്നില്ലെന്നും നീതിന്യായ വ്യവസ്ഥയെ അധിക്ഷേപിക്കുകയാണെന്നും എറിക്‌സണ്‍ സമര്‍പ്പിച്ചിരുക്കുന്ന ഹര്‍ജിയില്‍ ആരോപിക്കുന്നു. അതേസമയം എറിക്‌സണ്‍ നല്‍കിയ പരാതി അനവസരത്തിലുള്ളതാണെന്നും പണം നല്‍കാന്‍ 60 ദിവസത്തെ സാവകാശംകൂടി ആവശ്യപ്പെട്ടിട്ടുണ്ടെന്നും റിലയന്‍സ് കമ്യൂണിക്കേഷന്‍ പറയുന്നു.