സാലറി ചലഞ്ചിനു വിസമ്മതിച്ചവരുടെ രഹസ്യപട്ടിക തയ്യാറാകുന്നതിനെതിരെ ഹൈക്കോടതി

ദുരിത ബാധിതരെ സഹായിക്കുവാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ടി മുഖ്യമന്ത്രി നടപ്പിലാക്കിയ സാലറി ചലഞ്ചിന് ‘നോ’ പറഞ്ഞവരുടെ പട്ടിക തയ്യാറാക്കുന്നതിനെതിരെ വീണ്ടും ഹൈക്കോടതി. ഒരു മാസത്തെ ശമ്പളം നല്‍കാന്‍ വിസമ്മതിച്ചവരുടെ വിവരങ്ങള്‍ എടുക്കാന്‍ എന്തിനാണ് രഹസ്യ സര്‍ക്കുലര്‍ ഇറക്കിയതെന്നും കോടതി ചോദിച്ചു.നിര്‍ബന്ധപൂര്‍വം ശമ്പളം പിടിച്ചു വാങ്ങുന്നത് ശരിയല്ലെന്ന് നേരത്തെ കോടതി നിരീക്ഷിച്ചിരുന്നതാണ്.

ആരെയും ശമ്പളം തരാന്‍ നിര്‍ബന്ധിക്കില്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ കോടതിയില്‍ ഉറപ്പുനല്‍കിയിരുന്നതാണ്. ഇതിനു വിരുദ്ധമായാണ് പട്ടിക തയാറാക്കിയതെന്നും അതിനു പിന്നിലെ കാരണം എന്തെന്നും കോടതി ചോദിച്ചു. ശമ്പളം നല്‍കാത്തവരുടെ പേര് പരസ്യപ്പെടുത്തുന്നത് മലയാളികളുടെ ഐക്യത്തെ ബാധിക്കുമെന്നും കോടതി പറഞ്ഞു.

ദുരിതാശ്വാസത്തിന് ശമ്പളം സംഭാവന ചെയ്യുന്നത് സ്വമേധയാ ആകണമെന്ന് ചീഫ് സെക്രിട്ടറിയുടെ ഉത്തരവുണ്ടായിരുന്നു. ഇതിനു വിരുദ്ധമായി നിര്‍ബന്ധിത പിരിവ് ശരിയല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലും ദുരിതബാധിതരുണ്ട്. അവരുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

ചീഫ് സെക്രട്ടറിയുടെ ഉത്തരവിന് വിരുദ്ധമായി പല വകുപ്പുകളും രഹസ്യ സര്‍ക്കുലര്‍ ഇറക്കിയത് എന്തിനെന്നും കോടതി വിമര്‍ശിച്ചു. എന്നാല്‍ ഇത് വകുപ്പുകള്‍ക്കുള്ളിലെ ആഭ്യന്തര കാര്യമാണെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. പട്ടികകള്‍ക്ക് രഹസ്യ സ്വഭാവമുണ്ടെന്നും ഇത് പരസ്യപ്പെടുത്തില്ലെന്നും എജി കോടതിയെ അറിയിച്ചു.