സിവില്‍ തര്‍ക്കത്തില്‍ അമിതാവേശം: തൊടുപുഴ സിഐ എന്‍.ജി ശ്രീമോനെതിരെ ഹൈക്കോടതി ഉത്തരവ്

കൊച്ചി: സിവില്‍ തര്‍ക്കത്തില്‍ നിയമവിരുദ്ധമായി ഇടപെട്ട തൊടുപുഴ സിഐ എന്‍.ജി ശ്രീമോന് എതിരെ കര്‍ശനമായ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിച്ച് റിപോര്‍ട് സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

അതേസമയം ശ്രീമോനെതിരായ മറ്റു 14ഓളം പരാതികളില്‍ ഇടുക്കി എസ്പി അന്വേഷണം നടത്തി റിപോര്‍ട് സമര്‍പ്പിക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഇയാളെ സംബന്ധിച്ച് ഇന്റലിജന്‍സ് എഡിജിപി റിപോര്‍ട് നല്‍കണമെന്നും ഉത്തരവില്‍ കോടതി വ്യക്തമാക്കി.

ശ്രീമോന് എതിരെ മറ്റു ചിലര്‍ നല്‍കിയ പരാതികള്‍ സംബന്ധിച്ച ഒരു അപേക്ഷ ഹരജിക്കാരന് വേണ്ടി ഹാജരായ അഡ്വ. തോമസ് ആനക്കല്ലുങ്കല്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസ് ഈ മാസം 22ന് വീണ്ടും പരിഗണിക്കും. ഭൂമിയുമായി ബന്ധപ്പെട്ട സിവില്‍ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രീമോന്‍ ഇടപെട്ടെന്ന പരാതി അന്വേഷിക്കാന്‍ ഇന്റലിജന്‍സ് എഡിജിപിയെ ചുമതലപ്പെടുത്തിയിരുന്നതായി ആഭ്യന്തരവകുപ്പ് ജോയിന്റ് സെക്രട്ടറി എം മിനി സത്യവാങ്മൂലത്തിലൂടെ കോടതിയെ അറിയിച്ചു.

ഇങ്ങനെയൊരു കേസില്‍ ശ്രീമോന്‍ ഇടപെടാന്‍ പാടില്ലായിരുന്നുവെന്നാണ് എഡിജിപിയുടെ റിപോര്‍ട് പറയുന്നത്. ഭൂമിയും പരാതിക്കാരനും ആരോപണ വിധേയനും തൊടുപുഴ സ്റ്റേഷന്‍ പരിധിയില്‍ വരുന്നില്ല. പരാതിക്കാരനും ആരോപണ വിധേയനും കരിമണ്ണൂര്‍ പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് താമസിക്കുന്നത്. പരാതിയില്‍ കേസെടുക്കാതിരുന്ന ശ്രീമോന്‍ തന്റെ അധികാര പരിധിക്കു പുറത്തുള്ള വിഷയമായിട്ടും അന്വേഷണം നടത്തുകയാണ് ചെയ്തത്. സിവില്‍ കേസുകളില്‍ ഇടപെട്ട് കക്ഷികളെ ഒത്തുതീര്‍പ്പിന് നിര്‍ബന്ധിക്കരുതെന്ന 2012ലെ ഡിജിപിയുടെ സര്‍ക്കുലറിന് വിരുദ്ധമാണ് ഇതെല്ലാം. ക്രമസമാധാന പ്രശ്നങ്ങളുണ്ടാവുമ്പോള്‍ മാത്രമേ സിവില്‍ തര്‍ക്കങ്ങളില്‍ പോലിസ് ഇടപെടാവൂ എന്നാണ് കേരള പോലിസ് ആക്ടിലെ 63ാം വകുപ്പ് പറയുന്നത്. ഡിജിപിയുടെ സര്‍ക്കുലറും നിയമവും നോക്കുമ്പോള്‍ ശ്രീമോന്‍ നീതിയുക്തമല്ലാതെ ഇടപെട്ടു എന്ന് വ്യക്തമാണ്. ഈ റിപോര്‍ടിന്റെ അടിസ്ഥാനത്തില്‍ ശ്രീമോന് എതിരെ കര്‍ശനമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ഡിജിപിക്കു നിര്‍ദേശം നല്‍കിയതായും ആഭ്യന്തരവകുപ്പ് വ്യക്തമാക്കി.

ഇതിന് പുറമേ ശ്രീമോന് എതിരായ മറ്റു നിരവധി പരാതികള്‍ അന്വേഷിക്കാന്‍ സൗത്ത് സോണ്‍ എഡിജിപിയെ ഡിജിപി ചുമതലപ്പെടുത്തിയിട്ടുണ്ട്. എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥനാണ് ആരോപണങ്ങള്‍ അന്വേഷിക്കുന്നതെന്നും ആഭ്യന്തര വകുപ്പ് വിശദീകരിച്ചു. ഇത് നടപ്പാക്കാനാണ് ഇന്നലെ കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പൊലീസ് പീഡനമാരോപിച്ച് തൊടുപുഴ ഉടുമ്പന്നൂര്‍ സ്വദേശി ബേബിച്ചന്‍ വര്‍ക്കി നല്‍കിയ ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.