ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ് ; സമനില നേടി മുംബൈ

ഒരു ഗോള്‍ നേടിയതിന്റെ ആവേശത്തില്‍ കളി മറന്ന ബ്ലാസ്റ്റേഴ്‌സിനെ സമനിലയില്‍ പിടിച്ച് മുംബൈ സിറ്റി എഫ്‌സി. കളിയുടെ ഇഞ്ചുറി ടൈം വരെ ഒരു ഗോളിന്റെ ലീഡോടെ പിടിച്ച നിന്ന് മഞ്ഞപ്പടയെ 94-ാം മിനിറ്റില്‍ പ്രാഞ്ചല്‍ ഭൂമിജ് നേടിയ കിടിലന്‍ ഗോളിന്റെ ബലത്തിലാണ് കൊച്ചിയില്‍ നീലപ്പട ആവേശകരമായ സമനില നേടിയെടുത്തത്.

ബ്ലാസ്റ്റേഴ്‌സിന് വേണ്ടി 24-ാം മിനിറ്റില്‍ ഹോളിചരണ്‍ നര്‍സാരിയാണ് വലചലിപ്പിച്ചത്. പുതിയ പ്രതീക്ഷയും സ്വപ്നങ്ങളുമായി ഐഎസ്എല്‍ അഞ്ചാം സീസണിലെ ആദ്യ ഹോം മത്സരത്തിനിറങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സിന് മികച്ച തുടക്കമാണ് ലഭിച്ചത്.

കളിയുടെ ആദ്യ നിമിഷം മുതല്‍ മികച്ച കളി പുറത്തെടുത്ത ഡേവിഡ് ജെയിംസിന്റെ കുട്ടികള്‍ നിരവധി ഗോള്‍ അവസരങ്ങള്‍ക്ക് വഴി തുറന്നെടുത്തു. അതിനുള്ള പ്രതിഫലം ലഭിച്ചത് 24-ാം മിനിറ്റിലാണെന്ന് മാത്രം. കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ സീസണിലെ ആദ്യ ഹോം ഗോളിന് അടുത്ത് വരെ കൊമ്പന്മാര്‍ എത്തി.

നര്‍സാരി ഒരുക്കി നല്‍കിയ അവസരത്തില്‍ ദൗങ്കല്‍ കാലുവെച്ചെങ്കിലും അമരീന്ദര്‍ എങ്ങനെയോ രക്ഷപ്പെടുത്തി. തൊട്ട് പിന്നാലെ പോപ്ലാട്‌നിക്കും ഗോളിന് അടുത്ത് വരെയെത്തിയെങ്കിലും കൊച്ചിയില്‍ സന്തോഷം പിറക്കാന്‍ അല്‍പം കൂടെ കഴിയണമായിരുന്നു.

24-ാം മിനിറ്റില്‍ ആ നിമിഷം പിറന്നു. ഗോള്‍ നേടിയത് ഹോളിചരണ്‍ നര്‍സാരിയാണെങ്കിലും അതിന്റെ മുഴുവന്‍ മാര്‍ക്കും സെര്‍ബിയന്‍ താരവും ബ്ലാസ്റ്റേഴ്‌സിന്റെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡറുമായ നിക്കോള ക്രെമാരോവിച്ചിന് നല്‍കണം. വലത് വിംഗില്‍ ക്രെമാരോവിച്ച് മനോഹരമായി ബാക്ക് ഹീലിലൂടെ ബോക്‌സിനുള്ളിലേക്ക് നല്‍കിയ പന്ത് ഓടിയെടുത്ത ദൗങ്കല്‍ നര്‍സാരിക്ക് മറിച്ച് നല്‍കി.

ഒന്ന് പന്തിനെ നിയന്ത്രിച്ച നര്‍സാരി തന്റെ ഇടങ്കാലന്‍ ഷോട്ടിലൂടെ അമരീന്ദറിനെ കീഴടക്കി. ഗോള്‍ വഴങ്ങിയതോടെ കളത്തില്‍ അല്‍പം കൂടെ മെച്ചപ്പെട്ട പ്രകടനം മുംബൈ പുറത്തെടുത്തെങ്കിലും ജിംഗാന്റെ നേതൃത്വത്തിലുള്ള ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ തകര്‍ക്കാനായില്ല.

ഒരു ഗോളിന്റെ മേധാവിത്വത്തോടെ രണ്ടാം പകുതിയില്‍ ഇറങ്ങിയ ബ്ലാസ്റ്റേഴ്‌സിനെതിരെ അതുവരെയില്ലാത്ത പോരാട്ടവീര്യമാണ് മുംബൈ പുറത്തെടുത്തത്. ലീഡിന്റെ ആലസ്യം പ്രകടമാക്കിയ മഞ്ഞപ്പടയുടെ ബോക്‌സിനുള്ളില്‍ അര്‍ണോള്‍ഡിന്റെ നേതൃത്വത്തില്‍ നീലപ്പട ഇരമ്പിയാര്‍ത്തു.

പലപ്പോഴും ഭാഗ്യം ബ്ലാസ്റ്റേഴ്‌സിനെ തുണച്ചപ്പോള്‍ സന്ദേശ് ജിംഗാനും ലാകിക് പെസിച്ചിന്റെ ഇടപെടലുകളും രക്ഷയ്‌ക്കെത്തി. കഴിഞ്ഞ തവണ എമേര്‍ജിംഗ് താരമായി തെരഞ്ഞെടുക്കപ്പെട്ട ലാല്‍റുവാത്താരയുടെ പിഴവുകള്‍ ഇടത് വിംഗില്‍ മുംബൈയ്ക്ക് അവസരങ്ങള്‍ തുറന്ന് നല്‍കി.

ലാല്‍റുവാത്താര പൊസിഷനില്‍ ഇല്ലാത്തതിനാല്‍ അര്‍ണോള്‍ഡിനും സൗവിക് ചക്രവര്‍ത്തിക്കും ബ്ലോക്കുകള്‍ പോലുമില്ലാതെ ഷോട്ടെടുക്കാന്‍ അവസരം ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പുറത്തേക്ക് പോയി. മറുവശത്ത് സ്റ്റോജാനോവിച്ച് രണ്ട് ഗോള്‍ ശ്രമങ്ങളിലൂടെ ആരവങ്ങള്‍ ഉയര്‍ത്തിയെങ്കിലും ലീഡ് ഉയര്‍ത്താന്‍ മാത്രം സാധിച്ചില്ല.

ബ്ലാസ്റ്റേഴ്‌സിന്റെ അമിത ആത്മവിശ്വാസത്തിന് ഇഞ്ചുറി ടൈമിന്റെ 94-ാം മിനിറ്റില്‍ തിരിച്ചടി ലഭിച്ചു. സഞ്ജു പ്രദാന്‍ നല്‍കിയ പാസില്‍ പ്രാഞ്ചല്‍ തൊടുത്ത ലോംഗ് റേഞ്ചര്‍ ധീരജ് സിംഗിനെ കീഴടക്കി വലയെ ചുംബിച്ചു. പിന്നീട് ഒന്നിനും സമയമില്ലായിരുന്നു.

റഫറിയുടെ ഫൈനല്‍ വിസില്‍ മുഴങ്ങിയതോടെ ഗാലറി നിശ്ബദമായി. പൊരുതി നേടിയ ഒരു പോയിന്റിന്റെ ചിരിയോടെ മുംബൈ കളത്തില്‍ നിന്ന് കയറിയപ്പോള്‍ ജയിച്ചെന്ന് ഉറപ്പിച്ച കളി കൈവിട്ടതിന്റെ വിഷമത്തോടെ മഞ്ഞപട കരഞ്ഞ് കയറി.

കേരളത്തെ പ്രളയത്തില്‍ നിന്ന് കര കയറ്റിയ മത്സ്യത്തൊഴിലാളികളോടുള്ള ആദരസൂചകമായി കടലും തോണിയുമുള്ള ജഴ്‌സിയണിഞ്ഞിറങ്ങിയ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ കലൂര്‍ സ്റ്റേഡിയത്തിലെ മഞ്ഞക്കടലിനെ ഇളക്കിമറിച്ച സ്ഥിതിയായിരുന്നു.