ഐസിസ് ലൈംഗിക അടിമയാക്കിയ നദിയ മുറാദിനും ഡെനിസ് മുക്വെജിനും സമാധാനത്തിന്‍റെ നോബല്‍

സ്റ്റോക്ക്‌ഹോം : 2018ലെ സമാധാനത്തിനുള്ള നൊബേല്‍ രണ്ട് പേര്‍ക്ക് . ഐസിസ് തട്ടിക്കൊണ്ടുപോയി ലൈംഗിക അടിമയാക്കിയ നദിയ മുറാദ്, ലൈംഗികാതിക്രമങ്ങള്‍ക്കെതിരെ പ്രവര്‍ത്തിച്ച ഡെനിസ് മുക്വെഗ് എന്നിവര്‍ക്കാണ് ഇത്തവണ പുരസ്‌കാരം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയാന്‍ പ്രവര്‍ത്തിച്ചവരാണ് ഇരുവരും. സ്വന്തം ജീവന്‍പോലും തൃണവത്കരിച്ച് യുദ്ധ കുറ്റകൃത്യങ്ങള്‍ക്കെതിരെ, അതില്‍ ലൈംഗിക അതിക്രമങ്ങള്‍ക്ക് ഇരയാകുന്നവരുടെയും സുരക്ഷയ്ക്ക് വേണ്ടി ഇരുവരും പ്രവര്‍ത്തിച്ചു.

ഇറാഖിലെ ന്യൂനപക്ഷ വിഭാഗമായ യസീദിയില്‍നിന്നുള്ള സാമൂഹ്യപ്രവര്‍ത്തകയാണ് 25 കാരിയായ നാദിയ മുറാദ്. താന്‍ അനുഭവിച്ച യാതനകള്‍ പുറംലോകത്തോട് വിളിച്ച് പറഞ്ഞാണ് നാദിയ മറ്റുള്ളവര്‍ക്കുകൂടി വേണ്ടി പോരാടിയത്.

നാദിയ മുറാദ്, ഐഎസിന്റെ പിടിയില്‍പ്പെട്ട് ക്രൂരമായ ബലാത്സംഗത്തിനിരയായ മൂവായിരത്തിലധികം യസീദി സ്ത്രീകളില്‍ ഒരാളാണ്. നാദിയ മുറാദിനെ 2014ലാണ് ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടു പോയത്. ലൈംഗിക അടിമയായിരുന്ന അവര്‍ 2017ല്‍ ആണ് മോചിപ്പിക്കപ്പെട്ടു.

യുദ്ധങ്ങളിലും സായുധ പോരാട്ടങ്ങളിലും തുടര്‍ന്നുവരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്കെതിരെയാണ് ഗൈനക്കോളജിസ്റ്റായ ഡെനിസ് മുക്വജ് പ്രവര്‍ത്തിച്ചത്. ബലാത്സംഗത്തിന് ഇരകളായ സ്ത്രീകളെ ചികിത്സിച്ച ഡോക്ടര്‍ ആണ് ഡെനിസ് മുക്വേഗ്.

ഗൈനക്കോളജിസ്റ്റായ അദ്ദേഹം രണ്ടാം കോംഗോ ആഭ്യന്തര യുദ്ധകാലത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ക്കുവേണ്ടി നടത്തിയ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്. ലൈംഗികാതിക്രമങ്ങള്‍ക്ക് വിധേയരായ ആയിരിക്കണക്കിന് സ്ത്രീകള്‍ക്ക് ചികിത്സ ലഭ്യമാക്കുകയും അഭയമൊരുക്കുകയും ചെയ്തിട്ടുണ്ട്.