കനത്ത മഴ ഏഴ് ഡാമുകള്‍ തുറന്നു ; ഇടുക്കി ഉച്ചയ്ക്ക് ശേഷം തുറക്കും
സംസ്ഥാനത്ത് ശക്തമായ മഴയ്ക്കും ചുഴലിക്കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തി. തൃശൂര്‍ ചിമ്മിനി ഡാം, തെന്മല പരപ്പാര്‍ ഡാം എന്നിവ തുറന്നു. ചിമ്മിനി ഡാമിലെ ഷട്ടര്‍ 25 സെന്റീമീറ്ററായാണ് ഉയര്‍ത്തിയത്. ആലപ്പുഴ തോട്ടപ്പിള്ളി സ്പില്‍വേയുലെ 21 ഷട്ടറുകളും തുറന്നു. ബാക്കി ഷട്ടറുകള്‍ കൂടി ഉടന്‍ തുറക്കും.
ഷട്ടറുകള്‍ തുറക്കുന്നതിനാല്‍ തോട്ടപ്പള്ളി പൊഴി കൂടുതല്‍ വീതി കൂട്ടുകയാണ്. അതുപോലെ മുന്‍കരുതലെന്ന നിലയില്‍ ഇടുക്കി ചെറുതോണി ഡാമിന്റെ ഒരു ഷട്ടര്‍ വെള്ളിയാഴ്ച ഉയര്‍ത്തും. വൈകിട്ട് നാല് മണിക്ക് ശേഷമാകും ഒരു ഷട്ടര്‍ 40 സെന്റീമീറ്റര്‍ ഉയര്‍ത്തി വെള്ളം തുറന്നുവിടുക. സെക്കന്‍ഡില്‍ 50 ഘനമീറ്റര്‍ വെള്ളമാകും ഇടുക്കിയില്‍ നിന്ന് പുറത്തെക്കൊഴുകുക.
കൂടാതെ വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഒരു ഷട്ടര്‍ നാലുമണിക്ക് 10 സെന്റീമീറ്റര്‍ ഉയര്‍ത്തുമെന്ന് കെഎസ്ഇബി അറിയിച്ചു.
പീച്ചി ഡാമിന്റെ നാല് ഷട്ടര്‍ വൈകീട്ട് നാലിന് 10 ഇഞ്ച് തുറക്കുമെന്ന് ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പീച്ചി ഡാമിന്റെ ഷട്ടര്‍ രാവിലെ 8 മണിക്ക് ആറ് ഇഞ്ചും ഉച്ചയ്ക്ക് ഒരുമണിക്ക് എട്ട് ഇഞ്ചുമാണ് തുറന്നത്.
പത്തനംതിട്ടയില്‍ കക്കി ആനത്തോട്, പമ്പ, മൂഴിയാര്‍ അണക്കെട്ടുകള്‍ ഉച്ചയ്ക്ക് തുറക്കും. ഡാമുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ പമ്പയിലെ പുനരുദ്ധാരണ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു.
കക്കയം ഡാം രണ്ടുമണിക്ക് തുറക്കുന്നതിനാല്‍ അധികൃതര്‍ കരുതല്‍ നടപടിയെടുക്കുകയാണ്. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തും.
ഷട്ടര്‍ തുറക്കുന്നതോടെ പുഴയില്‍ ജല നിരപ്പ് ഉയരുന്നതിനാല്‍ ഇടതുകര, വലതുകര കനാലുകളുടെയും മണലി, കുറുമാലി, കരുവന്നൂര്‍ പുഴകളുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം. മലയോര മേഖലകളില്‍ ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത. ഇടുക്കി, മലപ്പുറം ജില്ലകളില്‍ മറ്റന്നാള്‍ റെഡ് അലര്‍ട്ട്.
മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊല്ലത്തുനിന്ന് പോയ 96 മീന്‍പിടുത്ത ബോട്ടുകള്‍ ഇതുവരെയും തിരിച്ചെത്തിയിട്ടില്ല. അതേസമയം മലയോര മേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. അതിരപ്പിള്ളിയിലും നെല്ലിയാമ്പതിയിലും സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.