2019 ലും മോദി തന്നെ ; തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയ്ക്ക് 276 സീറ്റെന്ന് സര്‍വേ

ഇപ്പോഴത്തെ സഖ്യങ്ങള്‍ അതേ പോലെ തുടര്‍ന്നാല്‍ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും ബിജെപി നേതൃത്വത്തില്‍ എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തിലെത്തുമെന്ന് എബിപി-സി വോട്ടര്‍ സര്‍വെ. കഴിഞ്ഞ സെപ്റ്റംബറില്‍ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിൽ രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നായിരുന്നു സര്‍വെ പരിശോധിച്ചത്.

543 ലോക്‌സഭാ സീറ്റുകളില്‍ 38 ശതമാനം വോട്ട് നേടി എന്‍ഡിഎ 276 സീറ്റുകള്‍ നേടുമെന്നാണ് സര്‍വെ പറയുന്നത്. കോണ്‍ഗ്രസ് നേതൃത്വം കൊടുക്കുന്ന യുപിഎക്ക് 25 ശതമാനം വോട്ടും 112 സീറ്റും കിട്ടുമെന്ന് സര്‍വെ പ്രവചിക്കുന്നു. മറ്റ് കക്ഷികളെല്ലാം കൂടി 37 ശതമാനം വോട്ട് നേടി 155 സീറ്റുകള്‍ ലഭിച്ചേക്കുമെന്നും സര്‍വെ പറയുന്നു.

മധ്യപ്രദേശിലും ചത്തീസ്ഗഢിലും രാജസ്ഥാനിലും എന്‍ഡിഎ മേധാവിത്വം നിലനിര്‍ത്തും. ചത്തീസ്ഗഢില്‍ 11 ല്‍ ഒമ്പതും മധ്യപ്രദേശില്‍ 29 ല്‍ 23 സീറ്റും എന്‍ഡിഎക്കെന്നാണ് പ്രവചനം. ഡല്‍ഹിയില്‍ ഏഴ് സീറ്റും ബിജെപി നേടുമെന്നാണ് സര്‍വെ ഫലം.

സര്‍വെയില്‍ പങ്കെടുത്തവരില്‍ 47 ശതമാനം പേരും മോദി സര്‍ക്കാരിന് വീണ്ടും അവസരം നല്‍കരുതെന്ന നിലപാടുകാരായിരുന്നു. ജനപ്രീതിയില്‍ ആറ് ശതമാനത്തിന്റെ ഇടിവുണ്ടെങ്കിലും സര്‍വെയില്‍ പങ്കെടുത്ത 69 ശതമാനം പേരും മോദിയെ തന്നെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി നിര്‍ദേശിച്ചു.

അതേ സമയം കഴിഞ്ഞ ജനുവരിയെ അപേക്ഷിച്ച രാഹുലിന്റെ സ്വീകാര്യത ആറ് ശതമാനം വര്‍ധിച്ച് 28 ശതമാനമായി മാറിയിട്ടുണ്ട്. അത് തുടരുവാന്‍ കഴിഞ്ഞാല്‍ തിരഞ്ഞെടുപ്പില്‍ കോണ്ഗ്രസിന് കാര്യങ്ങള്‍ കുറച്ചു കൂടി എളുപ്പമാകും.