അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ്‌ തീയതി പ്രഖ്യാപിച്ചു

രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നിയസഭാ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചു. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലങ്കാന എന്നീ അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതികളാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചത്. ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായും മറ്റെല്ലാ സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായും തെരഞ്ഞെടുപ്പ് നടക്കും. എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്.

സുരക്ഷ കണക്കിലെടുത്താണ് ചത്തീസ്ഗഡില്‍ രണ്ട് ഘട്ടമായി വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് പറഞ്ഞു. മാവോയിസ്റ്റ് ശക്തികേന്ദ്രങ്ങളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. ആദ്യ ഘട്ടം നവംബര്‍ 12 നും,രണ്ടാം ഘട്ടം നവംബര്‍ 20 നും നടക്കും.

മധ്യപ്രദേശിലും മിസോറാമിലും നവംബര്‍ 28നാണ് വോട്ടെടുപ്പ്. രാജസ്ഥാനിലും തെലങ്കാനയിലും ഡിസംബര്‍ ഏഴിന് വോട്ടെടുപ്പ് നടക്കും. ഉപതെരഞ്ഞെടുപ്പ് തിയതികളൊന്നും ഇന്ന് പ്രഖ്യാപിച്ചില്ല. പലയിടത്തും വോട്ടര്‍ പട്ടികകള്‍ അന്തിമമാകാത്തതാണ് തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കാത്തതെന്നും ഒ.പി റാവത്ത് പറഞ്ഞു.

ഉച്ചക്ക് പന്ത്രണ്ടരയ്ക്കായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്‍ വാര്‍ത്താ സമ്മേളനം നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഉച്ചയോടെ വാര്‍ത്താസമ്മേളനം മൂന്ന് മണിയിലേക്ക് മാറ്റിയെന്ന് അറിയിപ്പ് വന്നു. ഉച്ചക്ക് ഒരുമണിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജസ്ഥാനിലെ അജ്മീറില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് റാലിയില്‍ പ്രസംഗിക്കേണ്ടതുണ്ടെന്നതിനാലാണ് വാര്‍ത്താസമ്മേളനം മാറ്റിയതെന്ന് വിമര്‍ശനവും ഉയര്‍ന്നു.

എന്നാല്‍ തെലങ്കാനയിലെ വോട്ടര്‍ പട്ടിക സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങള്‍ നിലനിന്നതിനാലാണ് വാര്‍ത്താസമ്മേളനം മാറ്റിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഒ.പി റാവത്ത് വിശദീകരിച്ചു. ഈ അഞ്ച് സംസ്ഥാനങ്ങളിലും പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.