കെ എസ് ആര്‍ ടി സിയില്‍ 773 ജീവനക്കാരെ പിരിച്ചുവിട്ടു
കെഎസ്ആര്‍ടിസിയില്‍ നിന്നും 773 ജീവനക്കാരെ പിരിച്ചുവിട്ടു . അനധികൃതമായി അവധിയില്‍ തുടരുന്ന ജീവനക്കാരെയാണ് പിരിച്ചു വിട്ടത്. 304 ഡ്രൈവര്‍മാര്‍, 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടത്. ദീര്‍ഘകാലമായി ജോലിക്കുവരാത്തവരും നിയമ വിരുദ്ധമായി അവധിയില്‍ പോയവരുമാണ് ഇക്കൂട്ടത്തിലുള്ളത്.
ജോലിയില്‍ പ്രവേശിക്കാത്തതിന്റെ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട് ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. മെയ് 31 വരെ സമയപരിധിയും നല്‍കിയിരുന്നു. ഇതിനോട് പ്രതികരിക്കാത്തവരെയാണ് പിരിച്ചുവിട്ടത്.
അനധികൃതമായി ജോലിക്ക് ഹാജാരാകാത്ത പലരും വ്യാജ മെഡിക്കല്‍ രേഖകള്‍ ഹാജരാക്കി സര്‍വീസില്‍ പുന പ്രവേശിക്കുന്നതും സര്‍വീസ് ആനുകൂല്യങ്ങളും പെന്‍ഷന്‍ ആനുകൂല്യങ്ങളും നേടുന്ന സാഹചര്യം കൂടിയാണ് ഈ നടപടിയോടെ ഒഴിവാക്കിയത്.
ഈ ജീവനക്കാരെ പിരിച്ചുവിട്ടതോടെ ജീവനക്കാരുടെ എണ്ണം സര്‍വീസിന് അനുസൃതമായി ക്രമപ്പെടുത്താന്‍ സാധിക്കുമെന്നാണ് മാനേജ്‌മെന്റിന്റെ നിലപാട്. അതുപോലെ മെക്കാനിക്കല്‍ , മിനിസ്റ്റീരിയല്‍ വിഭാഗങ്ങളിലും അനധികൃതമായി ജോലിക്ക് ഹാജരാക്ക ജീവനക്കാരുടെ കണക്കെടുപ്പ് നടത്തുകയാണെന്ന് മാനേജിങ് ഡയറക്ടര്‍ അറിയിച്ചു.