വെള്ളപ്പൊക്ക ദുരിതാശ്വാസ നിധിയിലേക്ക് പിരിച്ച തുക സി പി എം മുക്കി എന്ന് ആരോപണം

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എന്ന പേരില്‍ പിരിച്ച സംഭാവനയില്‍ നിന്ന് പാര്‍ട്ടി ഫണ്ടിലേക്ക് സിപിഎം പണം വകമാറ്റിയെന്ന ആരോപണവുമായി അനില്‍ അക്കര എം.എല്‍എ രംഗത്ത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായി സിപിഎം സമാഹരിച്ച തുകയില്‍ നിന്ന് ആറുകോടിയോളം രൂപ പാര്‍ട്ടി ഫണ്ടിലേക്ക് വകമാറ്റിയെന്നാണ് എം.എല്‍.എ ആരോപിക്കുന്നത്.

32 കോടിയോളം രൂപ സംസ്ഥാനത്ത് നിന്ന് സിപിഎം പിരിച്ചെടുത്ത സംഖ്യയില്‍ നിന്ന് അഞ്ച് കോടി അല്ലെങ്കില്‍ ആറ് കോടി രൂപ ലോക്കല്‍ കമ്മിറ്റി ലെവി എടുത്തതിന് ശേഷം മാത്രമാണ് ദുരിതാശ്വാസനിധിയിലേക്ക് കൊടുത്തതെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ തെളിവുകള്‍ സഹിതം മുഖ്യമന്ത്രിക്ക് പരാതി നല്‍കിയെന്ന് അനില്‍ അക്കര എം.എല്‍എ പറയുന്നു.

തൃശ്ശൂര്‍ ജില്ലയിലെ അടാട്ട് ലോക്കല്‍ കമ്മിറ്റി നല്‍കിയ കണക്കിലെ പൊരുത്തക്കേടുകള്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് എം.എല്‍.എയുടെ ആരോപണം. അതേസമയം സിപിഎം ഇക്കാര്യങ്ങള്‍ നിഷേധിച്ചു.

തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എം എല്‍ എ ആരോപണങ്ങള്‍ ഉന്നയിച്ചത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം :

ബഹുമാനപ്പെട്ട
എന്റെ എംപി കൂടിയായ
പി.കെ. ബിജു അറിയുന്നതിന്,
താങ്കള്‍ മുഖ്യമന്ത്രിയുടെ
ദുരിതാശ്വാസ നിധിയില്‍ നിന്ന് ആരെങ്കിലും പണം തട്ടിയെടുക്കുന്ന വിവരം
അറിയിച്ചാല്‍ ഉടനെ അത് മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തി
സസ്‌പെന്‍ഷന്‍ വാങ്ങികൊടുക്കും എന്നറിഞ്ഞുതുകൊണ്ടാണ്
ഈ കുറിപ്പ് എഴുതുന്നത്.
പ്രളയം ഉണ്ടായ ഉടനെയാണല്ലോ
നമ്മുടെ സഖാക്കള്‍
ബക്കറ്റില്‍ പണംഇട്ടുകൊണ്ടുള്ള
പിരിവ് തുടങ്ങിയത്.
അതനുസരിച്ചു അടാട്ട് ലോക്കല്‍ കമ്മറ്റി പിരിച്ച സംഖ്യ
രണ്ട് ലക്ഷത്തിഇരുപതിനായിരത്തി
ഒരുനൂറു രൂപ (2.20.100).
ഈ സംഖ്യ കൃത്യമായി ബാങ്കില്‍ മുഖ്യമന്ത്രിയുടെ drf ല്‍ അടച്ചിട്ടുമുണ്ട്.
എന്നാല്‍ 23ബ്രാഞ്ച് കമ്മറ്റികളില്‍ നിന്ന് പിരിച്ച തുക ലോക്കല്‍ സെക്രട്ടറി തട്ടിയെടുത്തു എന്നാണ്
ഇപ്പോള്‍ നാട്ടുകാര്‍ പറയുന്നത്. ഉദാഹരണത്തിന് അടാട്ട് അമ്പലംകാവ് വെസ്റ്റ് ബ്രാഞ്ച് പിരിച്ച തുക
സഖാവ് അഭിലാഷ് തട്ടാറമ്പിള്ളി യുടെ വാട്‌സാപ്പ് മെസേജ് അനുസരിച്ച് 11800
ലോക്കല്‍ സെക്രട്ടറി നാട്ടില്‍ വെച്ച ഫ്‌ലെക്‌സ് അനുസരിച്ച് 9000വും അങ്ങനെ വരുമ്പോള്‍ ഒരുബ്രാഞ്ചില്‍ നിന്ന് 2800വെച്ച് ലോക്കല്‍ സെക്രട്ടറി തട്ടിയെടുത്തിട്ടുണ്ട്.
ഈ വിവരം എത്രയും പെട്ടന്ന് മുഖ്യമന്ത്രി യുടെ ശ്രദ്ധയില്‍ എത്തിക്കുന്നതോടൊപ്പം താങ്കള്‍ക്ക് പ്രിയപ്പെട്ട ശിക്ഷയായ സസ്‌പെന്‍ഷന്‍ പാര്‍ട്ടി സെക്രട്ടറി വക തരമാക്കി നല്‍കുന്നതിനുള്ള നടപടിയും സ്വീകരിക്കണം…