ശബരിമല സ്ത്രീ പ്രവേശനം ; ഡല്‍ഹിയില്‍ മന്ത്രി ഇ.പി ജയരാജന്റെ കാര്‍ തടഞ്ഞു

ഡല്‍ഹിയില്‍ കേരളാ ഹൗസിന് മുന്നില്‍ ഹിന്ദു സംഘടനകള്‍ മന്ത്രി ഇ.പി ജയരാജന്റെ വാഹനം തടഞ്ഞു. സുപ്രീംകോടതി വിധിക്കെതിരെ സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്കണമെന്നാണ് വാഹനം തടഞ്ഞ പ്രതിഷേധക്കാരുടെ ആവശ്യം.വാഹനത്തിലുണ്ടായിരുന്നത് മന്ത്രി ഇ.പി ജയരാജനും സിപിഎം കേന്ദ്രകമ്മറ്റിയംഗം കെ.രാധാകൃഷ്ണനും ഇടതുമുന്നണി കണ്‍വീനര്‍ എ.വിജയ രാഘവനുമായിരുന്നു.

സ്ത്രീപ്രവേശനത്തിനെതിരെ വിവിധ ഹിന്ദു സംഘടനകള്‍ ശേഖരിച്ച ഒപ്പുകള്‍ കേരളാ ഹൗസിലെത്തി സമര്‍പ്പിക്കാനെത്തിയതായിരുന്നു പ്രതിഷേധക്കാര്‍. തുടര്‍ന്ന് കേന്ദ്ര കമ്മിറ്റി കഴിഞ്ഞ് തിരിച്ചെത്തിയ സിപിഎം നേതാക്കള്‍ക്കെതിരെ ഇവര്‍ പ്രതിഷേധിച്ചു. ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് മന്ത്രി ഇ.പി ജയരാജന് കേരളാ ഹൗസില്‍ പ്രവേശിക്കാന്‍ സാധിച്ചില്ല, തുടര്‍ന്ന് തിരികെ പോവുകയായിരുന്നു.

സംസ്ഥാന സര്‍ക്കാര്‍ പുനപരിശോധന ഹര്‍ജി നല്‍കണമെന്നാവശ്യപ്പെട്ടുള്ള മെമ്മോറാണ്ടം സമര്‍പ്പിക്കാനാണ് ശ്രമിച്ചതെന്നും എന്നാല്‍ മന്ത്രി ഇ.പി ജയരാജന്‍ കേള്‍ക്കാന്‍ പോലും ശ്രമിച്ചില്ലെന്നുമാണ് പ്രതിഷേധക്കാരുടെ പ്രതിനിധികള്‍ പറഞ്ഞത്. മെമ്മോറാന്‍ഡം മന്ത്രി എ.കെ ബാലന് നല്‍കിയതോടെ പ്രതിഷേധം അവസാനിച്ചു.

മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ളവര്‍ രാജ്യതലസ്ഥാനത്തുള്ള സാഹചര്യത്തില്‍ ശക്തമായ സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരുന്നത്. ഈ സാഹചര്യത്തില്‍ നിവേദനം നല്‍കാന്‍ കേരള ഹൗസിനകത്തേക്ക് കടക്കാനാവില്ലെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ നിലപാടെടുത്തു. എന്നാല്‍, പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകാന്‍ തയ്യാറായില്ല.