തിരഞ്ഞെടുപ്പ് ; കോട്ടയം സീറ്റ് മാണി കോൺഗ്രസിനു തന്നെയെന്ന് ചെന്നിത്തല
അടുത്ത വര്‍ഷം നടക്കുന്ന പാര്‍ലമെന്റ് ഇലക്ഷനില്‍ കോട്ടയം പാര്‍ലമെന്റ് സീറ്റില്‍ മത്സരിക്കുന്നത് കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തന്നെയായിരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പാര്‍ലമെന്റ് മണ്ഡലങ്ങള്‍ വച്ചുമാറുമെന്ന വിധത്തില്‍ മാധ്യമ വാര്‍ത്തകളില്‍ ഒരു അടിസ്ഥാനവുമില്ലെന്നും കേരള കോണ്‍ഗ്രസ് പാര്‍ട്ടിക്കു തന്നെയാണ് കോട്ടയം സീറ്റെന്നും ചെന്നിത്തല പറഞ്ഞു.
കോട്ടയം സീറ്റ് സംബന്ധിച്ച് ഒരു സംശയവും ആശയക്കുഴപ്പവുമില്ല. ഘടക കക്ഷികളുടെ ഒരു സീറ്റും കോണ്‍ഗ്രസ് ഏറ്റെടുക്കില്ല. ഘടക കക്ഷികളുടെ സീറ്റുകള്‍ ഏറ്റെടുക്കുന്ന പതിവ് സിപിഎമ്മിനാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
എംപിയായിരുന്ന ജോസ് കെ. മാണി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കോട്ടയം സീറ്റില്‍ ഒഴിവു വന്നത്. എന്നാല്‍ ഒരു വര്‍ഷത്തില്‍ താഴെ മാത്രം സമയം ബാക്കിയുണ്ടായതിനാല്‍ ഒഴിവു നികത്താന്‍ ഇത്തവണ ഉപതിരഞ്ഞെടുപ്പുണ്ടാകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.