മുടി നീട്ടി വളര്‍ത്തിയതിനു ആദിവാസി യുവാക്കളെ പിടിച്ച് മൊട്ടയടിച്ചു കേരളാ പോലീസ്

ആദിവാസി യുവാക്കളെ പോലീസ് നിര്‍ബന്ധപൂര്‍വ്വം മൊട്ടയടിപ്പിച്ചതായി പരാതി. പാലക്കാട് മീനാക്ഷിപുരം എസ്ഐയ്ക്കെതിരെയാണ് പരാതി. ക്ഷേത്രത്തിലുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് പിടികൂടിയ യുവാക്കളെയാണ് പോലീസ് മൊട്ടയടിപ്പിച്ച് വിട്ടത്. പാലക്കാട് മീനാക്ഷി പുരത്ത് ശനിയാഴ്ച്ച വൈകിട്ടായിരുന്നു സംഭവം.

പാലക്കാടിന്റെ അതിര്‍ത്തി പ്രദേശമായ മീനാക്ഷിപുരത്തെ മൂലത്തറ ക്ഷേത്രത്തില്‍ ഉത്സവത്തിനെത്തിയ സഞ്ജയ്, നിധീഷ് എന്നിവരും ഇവരുടെ സുഹൃത്തായ യുവാവുമായിരുന്നു പോലീസിന്റെ സൗജന്യ മുടിവെട്ടിന് വിധേയരായത്. ഉത്സവത്തോടെനുബന്ധിച്ച് സ്ഥലത്തുണ്ടായ സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്തവരുടെ കൂട്ടല്‍ ഇവരുമുണ്ടായിരുന്നു.

എന്നാല്‍ സംഘര്‍ഷവുമായി ഇവര്‍ക്ക് ബന്ധമൊന്നുമില്ലെന്ന് പോലീസിന് വ്യക്തമായെങ്കിലും മുടി മുറിക്കാതെ സ്റ്റേഷനില്‍ നിന്ന് പോകേണ്ടെന്ന് എസ്‌ഐ നിര്‍ബന്ധം പിടിച്ചു. നേര്‍ച്ചയുടെ ഭാഗമായാണ് മുടി വളര്‍ത്തിയതെന്ന് യുവാക്കള്‍ പറഞ്ഞെങ്കിലും പോലീസ് ഇത് അംഗീകരിച്ചില്ല. തുടര്‍ന്ന് എസ്ഐ വിനോദും രണ്ട് പോലീസുകാരും ചേര്‍ന്ന് യുവാക്കളെ പോലീസ് ജീപ്പില്‍ ബാര്‍ബര്‍ഷോപ്പിലെത്തിച്ച് മൊട്ടയടിപ്പിച്ചു.

തുടര്‍ന്ന് ഇവര്‍ പാലക്കാട് പോലീസ് മേധാവിക്ക് പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ എസ്‌ഐക്കെതിരെ നടപടിയെടുത്തു. എസ്‌ഐ വിനോദിനെ കല്ലേക്കാട് എ ആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റി. 48 മണിക്കൂറിനുള്ളില്‍ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഡിവൈഎസ്പിയോട് ജില്ലാ പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.