ബലാല്‍സംഗക്കേസുകളില്‍ കുടുങ്ങി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ; ആരോപണവുമായി കൂടുതല്‍ പേര്‍ രംഗത്ത്

ബലാത്സംഗ കേസില്‍ പോര്‍ച്ചുഗല്‍ സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കൂടുതല്‍ കുരുക്കിലേയ്ക്ക്. റൊണാള്‍ഡോക്കെതിരേ ആരോപണം ഉന്നയിച്ച യുവതിയുടെ പരാതിയില്‍ ലാസ് വെഗാസ് പോലീസ് കേസില്‍ പുനരന്വേഷണം ആരംഭിച്ചിരുന്നതിന്റെ പിന്നാലെ റൊണാള്‍ഡോയില്‍ നിന്ന് തനിക്കും ഇത്തരത്തിലുള്ള അനുഭവമുണ്ടായതായി വെളിപ്പെടുത്തി മറ്റൊരു യുവതി കൂടി രംഗത്ത് എത്തി.

റൊണാള്‍ഡോക്കെതിരേ ആരോപണമുന്നയിച്ച കാതറിന്‍ മയോര്‍ഗയുടെ അഭിഭാഷകന്‍ ലെസ്ലി മാര്‍ക്ക് സ്റ്റൊവാളാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. തന്നെ ഒരു സ്ത്രീ ഫോണില്‍ ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ക്കും റൊണാള്‍ഡോയില്‍ നിന്ന് സമാന അനുഭവം ഉണ്ടായതായി പറഞ്ഞുവെന്നും സ്റ്റൊവാള്‍ വെളിപ്പെടുത്തി.

ഒരു പാര്‍ട്ടിയില്‍ പങ്കെടുത്തതിനു ശേഷമാണ് തനിക്ക് റൊണാള്‍ഡോയില്‍ നിന്ന് മോശം അനുഭവം ഉണ്ടായതെന്നാണ് യുവതി പറഞ്ഞു എന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് കാതറിന്‍ മയോര്‍ഗയുടെ പരാതിയില്‍ ലാസ് വെഗാസ് പോലീസ് കേസ് വീണ്ടും അന്വേഷിക്കാന്‍ ആരംഭിച്ചത്. 2009 ജൂണ്‍ 13-ന് ലാസ് വെഗാസിലെ ഒരു ഹോട്ടല്‍ മുറിയില്‍വെച്ച് റൊണാള്‍ഡോ തന്നെ ബലാത്സംഗം ചെയ്‌തെന്നാണ് മുപ്പത്തിനാലുകാരിയായ കാതറിന്‍ മയോര്‍ഗ ആരോപിച്ചത്.