കേരളത്തില്‍ നിന്നുള്ള യുവകലാകാരന്മാരുടെ അകമ്പടിയോടെ ഫിന്‍ലന്‍ഡില്‍ വേള്‍ഡ് മലയാളി ഫെഡറേഷന് പ്രൗഡഗംഭീര തുടക്കം

ഹെല്‍സിങ്കി: ആഗോള പ്രവാസി മലയാളി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ ഫിന്‍ലന്‍ഡ് പ്രൊവിന്‍സ് ഔപചാരികമായി ഉത്ഘാടനം ചെയ്തു. നടനും, പിന്നണി ഗായകനും, സംവിധായകനുമായ വിനീത് ശ്രീനിവാസന്‍ ഉത്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ഇതോടെ യൂറോപ്പിലെ 28 രാജ്യങ്ങളില്‍ ഡബ്ലിയു.എം.എഫിന് യൂണിറ്റുകളായി.

ഉദ്ഘാടന ചടങ്ങില്‍ സംഘടനയുടെ ഗ്ലോബല്‍ ചെയര്‍മാന്‍ പ്രിന്‍സ് പള്ളിക്കുന്നേല്‍, ഫിന്‍ലന്‍ഡിലെ ഇന്ത്യന്‍ അംബാസിഡര്‍ വാണി റാവു, പ്രമുഖ മിനിസ്‌ക്രീന്‍ താരങ്ങളായ രാജ് കലേഷ്, ആര്‍.ജെ. മാത്തുക്കുട്ടി എന്നിവരും പങ്കെടുത്തു. ഒക്ടോബര്‍ 7ന് ഹെല്‍സിങ്കില്‍ നടന്ന ചടങ്ങില്‍ ഡബ്ലിയു.എം.എഫ് ഫിന്‍ലന്‍ഡ് പ്രസിഡന്റ് അനുരാജ് ഓള്‍നേടിയന്‍, യൂറോപ്പ് റീജിയന്‍ വൈസ് പ്രസിഡന്റ് ടെറി തോമസ്, കോര്‍ഡിനേറ്റര്‍ സാജന്‍ രാജു എന്നിവര്‍ വിശിഷ്ട അതിഥികളോടൊപ്പം വേദി പങ്കിട്ടു.

വിശിഷ്ട അതിഥികളുടെ പ്രസംഗത്തിന് ശേഷം രാജ് കലേഷിന്റെ മാജിക്ക് ഷോ അരങ്ങേറി. പരിപാടിയിലുടനീളം ആര്‍.ജെ. മാത്തുക്കുട്ടി ഒരുക്കിയ വിനോദ പരിപാടികള്‍ ഏറെ ശ്രദ്ധേയമായി. ഫിന്‍ലന്‍ഡിലെ മലയാളികള്‍ ഒരുക്കിയ പരിപാടികളും സമ്മേളനത്തിന് കൂടുതല്‍ മിഴിവേകി. സംഘടനയുടെ ഉത്ഘാടനയോഗം സൗഹൃദത്തിന്റെയും ഒരുമയുടെയും ആഘോഷമാക്കി മാറ്റാന്‍ കഴിഞ്ഞുവെന്നത് മികച്ച തുടക്കമായെന്നു ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു.

ഡബ്ലിയു.എം.എഫ് ഗ്ലോബല്‍ ജോയിന്റ് സെക്രട്ടറി അരുണ്‍ മോഹന്‍ (സ്വീഡന്‍), ഗ്ലോബല്‍ ഐ ടി കോര്‍ഡിനേറ്റര്‍ ഷമീര്‍ കണ്ടത്തില്‍ (ഫിന്‍ലാന്‍ഡ്) എന്നിവരും മറ്റു ഇന്ത്യന്‍ അസോസിയേഷനുകളായ സുയമി ഇന്ത്യ സെയുറ, ഫിന്‍ലന്‍ഡ് തമിഴ് അസോസിയേഷന്‍, തെലുഗു അസോസിയേഷന്‍, പഞ്ചാബ് അസോസിയേഷന്‍, മഹരാഷ്ട്ര മണ്ഡല്‍ ഭാരവാഹികളും പങ്കെടുത്തു. വിനീത് ശ്രീനിവാസന്റെ സംഗീത വിരുന്നോടെ സമ്മേളനം സമാപിച്ചു.