ബാര്‍ കോഴ വിവാദം ; പണം നല്‍കിയ ബാറുടമകൾക്കെതിരെയും അന്വേഷണം വേണം : ബിജു രമേശ്

തിരുവനന്തപുരം : ബാര്‍ കോഴയില്‍ പണം നല്‍കിയ ബാറുടമകള്‍ക്കെതിയുള്ള അന്വേഷണം തുടരണം എന്ന് ബിജു രമേശ്. കെഎം മാണിക്കെതിരെ തുടരന്വേഷണ അനുമതി ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും സര്‍ക്കാറിനും നല്‍കിയ അപേക്ഷയിലാണ് ആവശ്യം ഉന്നയിച്ചത്. അതേസമയം വിഎസ് അച്യുതാനന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവനും ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല.

കഴിഞ്ഞ മാസം 18 നാണ് കെഎം മാണിക്കെതിരെ തിരുവനന്തപുരം വിജിലന്‍സ് കോടതി തുടരന്വേഷണം പ്രഖ്യാപിച്ചത്. അഴിമതിനിരോധന നിയമ ഭേദഗതി പ്രകാരം തുടരന്വേഷണത്തിന് മുന്‍കൂര്‍ അനുമതി വാങ്ങാനും കോടതി നിര്‍ദ്ദേശിച്ചിരുന്നു. മുന്‍കൂര്‍ അനുമതി തേടിക്കൊണ്ടുള്ള അപേക്ഷയിലാണ് ബിജുരമേശ് പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചത്.

ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ ഭാരവാഹികളായ രാജ് കുമാര്‍ ഉണ്ണിയും കൃഷ്ണദാസുമാണ് മാണിക്ക് പണം കൈമാറിയത്. പക്ഷെ ഇവര്‍ക്കെതിരെ വിജിലന്‍സ് സമഗ്രമായി അന്വേഷിച്ചില്ല. ഇവരെ പ്രതിചേര്‍ക്കുകയോ സാക്ഷിയാക്കുകയോ ചെയ്തില്ല, ഇവരുടെ പങ്ക് കൂടി പരിശോധിച്ചുകൊണ്ടുള്ള തുടരന്വേഷണത്തിന് അനുമതി വേണമെന്നാണ് ബിജു രമേശിന്റെ ആവശ്യം.

ആഭ്യന്തര സെക്രട്ടറിക്ക് ലഭിച്ച അപേക്ഷിയില്‍ സര്‍ക്കാര്‍ നിയമോപദേശം തേടും. ഗവര്‍ണറോ, സര്‍ക്കാരോ അതോ സ്പീക്കറോ ആരാണ് അനുമതി നല്‍കേണ്ടതെന്നതിലാണ് നിയമോപദേശം തേടുന്നത്. സ്പീക്കറാണോ മാണിക്കെതിരായ തുടരന്വേഷണത്തില്‍ നടപടി സ്വീകരിക്കേണ്ടതെന്നാണ് പരിശോധിക്കുന്നത്. കേസിലെ മറ്റ് പരാതിക്കാരായ വി.എസ് അച്യുതാനന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവും ഇതുവരെഅനുമതി നേടി സര്‍ക്കാരിനെ സമീപിച്ചിട്ടില്ല.