ഹോട്ടലുകാര്‍ കുടുങ്ങും ; പാല്‍ പാക്കറ്റോടു കൂടി ചൂടാക്കുന്നത് അതിഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം
പ്ലാസ്റ്റിക്ക് പാക്കറ്റുകളില്‍ ലഭിക്കുന്ന പാല്‍ പാക്കറ്റോടു കൂടി ചൂടാക്കുന്നത് അതിഗുരുതരമായ ഭക്ഷ്യസുരക്ഷാ നിയമലംഘനമാണെന്നു ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം. ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതായോ ആവര്‍ത്തിക്കുന്നതായോ ശ്രദ്ധയില്‍ പെടുന്നപക്ഷം അത് ചെയ്യുന്നവര്‍ക്കെതിരെ നിയമം അനുശാസിക്കുന്ന രീതിയിലുളള പ്രോസിക്യൂഷന്‍ അടക്കമുളള നടപടികള്‍ കൈക്കൊളളുമെന്ന് ജില്ലാ ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.
പാക്കറ്റില്‍ ലഭിക്കുന്ന പാല്‍ ഇത്തരത്തില്‍ ചൂടാക്കുന്ന പക്ഷം പ്ലാസ്റ്റിക്കിലെ രാസപദാര്‍ത്ഥങ്ങള്‍ പാലില്‍ കലര്‍ന്ന് കാന്‍സര്‍ പോലുളള മാരക രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു.ഹോട്ടലുകള്‍, ബേക്കറികള്‍, വഴിയോരക്കച്ചവടക്കാര്‍ എന്നിവരിലാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ കണ്ടു വരുന്നത്. ന്യൂനതകള്‍ കാണുന്ന പക്ഷം നോട്ടീസ് നല്‍കി പിഴ ഉള്‍പ്പെടെയുളള നിയമ നടപടികള്‍ സ്വീകരിക്കുന്നുണ്ട്.