നടനും എം എല്‍ എയുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി യുവതി രംഗത്ത്

നടനും എം.എൽ.എയുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി ചലച്ചിത്ര മേഖലയിലെ സാങ്കേതിക പ്രവര്‍ത്തക ടെസ്സ് ജോസഫ് രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇവര്‍ വെളിപ്പെടുത്തൽ നടത്തിയത്. ടെലിവിഷന്‍ പരിപാടിയുടെ ഷൂട്ടിനിടെ 19 വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്ന് ടെസ്സ് വെളിപ്പെടുത്തുന്നു. സ്വകാര്യ ചാനലില്‍ സംപ്രേക്ഷണം ചെയ്തിരുന്ന കോടീശ്വരന്‍ എന്ന പരിപാടിയില്‍ മുകേഷ് അവതാരകനായി വന്നിരുന്ന സമയമാണ് സംഭവം നടന്നത് എന്ന് ടെസ്സ പറയുന്നു.

പരിപാടിക്കിടെ മുകേഷ് പല തവണ തന്നെ മുറിയിലേക്ക് വിളിപ്പിച്ചുവെന്നും മുകേഷിന്റെ മുറിയുടെ തൊട്ടടുത്ത മുറിയിലേക്ക് തന്നെ മാറ്റാന്‍ ശ്രമിച്ചു എന്നും ടെസ്സ വെളിപ്പെടുത്തുന്നു.

പുരുഷന്മാരുടെ ക്രൂവില്‍ താന്‍ മാത്രമായിരുന്നു ഏക പെണ്‍ സാങ്കേതിക പ്രവര്‍ത്തകയെന്നും അന്ന് താൻ തങ്ങിയിരുന്ന ചെന്നൈയിലെ ലെ മെറിഡിയൻ ഹോട്ടൽ ഇവർക്കായി ഒത്താശ ചെയ്തു എന്നും ടെസ്സ വെളിപ്പെടുത്തുന്നു. തുടര്‍ന്ന്‍ അന്നത്തെ തന്റെ മേധാവിയായ ആയ ഡെറിക് ഒബ്രിയാൻ ഒരു മണിക്കൂറോളം തന്നോട് സംസാരിച്ചുവെന്നും അടുത്ത വിമാനത്തിന് തന്നെ രക്ഷപ്പെടുത്തി പറഞ്ഞയച്ചു എന്നും ടെസ്സ് പറയുന്നു. ഇപ്പോള്‍ മുംബൈ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കാസ്റ്റിംഗ് ഡയറക്ടറാണ് ടെസ്സ്. അതേസമയം സംഭവത്തില്‍ നടന്‍റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.