ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കും : സ്റ്റീഫന്‍ ദേവസ്സി
വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയില്‍ കഴിയുന്ന അന്തരിച്ച പ്രമുഖ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി സാധാരണ നിലയിലെത്താന്‍ സമയമെടുക്കുമെന്നു സംഗീത സംവിധായകന്‍ സ്റ്റീഫന്‍ ദേവസ്സി. ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ നല്ല പുരോഗതിയുണ്ട്. ബാലഭാസ്‌കറിന്റെയും മകളുടെയും മരണവാര്‍ത്ത ഉള്‍ക്കൊള്ളാന്‍ ലക്ഷ്മിക്ക് അല്‍പം സമയം വേണ്ടിവരുമെന്നു ബാലഭാസ്‌കറിന്റെ മാനേജര്‍ തമ്പി അറിയിച്ചതായി സ്റ്റീഫന്‍ പറഞ്ഞു.
ലക്ഷ്മിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ട്. എന്നാല്‍ ലക്ഷ്മി സാധാരണനിലയിലെത്താന്‍ അല്‍പം സമയമെടുക്കും. അതിനു കുറച്ചു പ്രയാസം ഉണ്ട്. കാരണം ബാലയുടെയും മകളുടെയും മരണവാര്‍ത്ത അവര്‍ക്ക് ഉള്‍ക്കൊള്ളേണ്ടതുണ്ട്. എല്ലാവരും ലക്ഷ്മിക്കു വേണ്ടി പ്രാര്‍ഥിക്കണം.
ബാലയെ സ്നേഹിക്കുന്നവര്‍ക്കും ലക്ഷ്മിയുടെ ആരോഗ്യസ്ഥിതി അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വേണ്ടി മാത്രമാണ് ഞാന്‍ ഇക്കാര്യങ്ങളെല്ലാം അറിയിക്കുന്നത്. അല്ലാതെ ഇതില്‍ മറ്റ് ഉദ്ദേശങ്ങളൊന്നുമില്ല. വിവരങ്ങള്‍ അറിയിക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്. കാരണം ബാല എന്റെ അത്രയും അടുത്ത സുഹൃത്തായിരുന്നു.’
ലക്ഷ്മിയുടെ ആരോഗ്യനില സംബന്ധിച്ചുള്ള വിവരങ്ങള്‍ കൃത്യമായി കൈമാറുന്നത് സ്റ്റീഫനാണ്. വെന്റിലേറ്ററില്‍ നിന്നും അവരെ മാറ്റിയത് അടക്കമുള്ള കാര്യങ്ങള്‍ സ്റ്റീഫനാണു പൊതുസമൂഹത്തെ അറിയിക്കുന്നത്. വാഹനാപകടത്തെ തുടര്‍ന്നു ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിനു പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മകള്‍ ത്വേജസിനി വാഹനാപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു.