ഫ്ലോ്കസിനോസിനിഹിലിപിലിഫിക്കേഷന് കാരണം ഹിപ്പൊപ്പൊട്ടോമോണ്‍സ്ട്രോസസ്‍ ക്യുപ്പിഡയലോഫോബിയ’ എന്ന് തരൂര്‍

ഇംഗ്ലീഷ് വാക്കുകള്‍ മറ്റുള്ളവരെ പരിചയപ്പെടുത്തി അവരെ കണ്ഫ്യൂഷനിലാക്കുക എന്നത് ഇപ്പോള്‍ ശശീ തരൂരിന്റെ ഒരു സ്ഥിരം പരിപാടിയായി മാറിക്കഴിഞ്ഞു.
ശശി തരൂരിന്റെ ഇംഗ്ലീഷിനെ കുറിച്ച് പറയാത്തവര്‍ വിരളമായിരിക്കും. അദ്ദേഹത്തിന്റെ ഇംഗ്ലീഷ് പ്രയോഗങ്ങള്‍ മനസിലാക്കാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാത്തവരും ചുരുക്കമാണെന്ന് പറയാം.

ആദ്യം എക്‌സാസ്‌പെരേറ്റിങ് ഫരാഗോ(Exasperating farrago), ഇന്നലെ ‘ഫ്‌ലോ്കസിനോസിനിഹിലിപിലിഫിക്കേഷന്‍(floccinaucinihilipilification)’ ഇതൊക്കെ കണ്ട് ഒന്ന് ഞെട്ടിയവര്‍ക്ക് അതിന്റെ കാരണം പറഞ്ഞു തരികയാണ് ശശി തരൂര്‍. ‘ഹിപ്പൊപ്പൊട്ടോമോണ്‍സ്‌ട്രോസസ്‌ക്യുപ്പിഡയലോഫോബിയ'(hippopotomonstrosesquippedaliophobia) ആണ് അതിന് കാരണം എന്ന് തരൂര്‍ വെളിപ്പെടുത്തുന്നു.

അത് കേട്ടിട്ടും ഒന്നും മനസിലായില്ല എങ്കില്‍ അര്‍ഥം പറയാം… വലിയ വാക്കുകളോടുള്ള പേടി എന്നാണ് ഈ വലിയ വാക്കിന്റെ അര്‍ഥം. ഇന്നലെ മോദിയെ കുറിച്ചുള്ള പുസ്തകത്തെ പരിചയപ്പെടുത്തുമ്പോള്‍ ട്വീറ്റില്‍ ഉപയോഗിച്ച വാക്കിനെ കുറിച്ച് ചര്‍ച്ചയും തിരച്ചിലും ആരംഭിച്ചതിന് പിന്നാലെ ശശി തരൂര്‍ തന്നെയാണ് ട്വീറ്റില്‍ വിശദീകരണവുമായി വന്നത്.

എന്റെ ഇന്നലത്തെ ഒരു ട്വീറ്റില്‍ ഉപയോഗിച്ച വാക്ക് പലര്‍ക്കും വലിയ വാക്കുകളോടുള്ള പേടി നിറച്ചതായി കാണുന്നതില്‍ മാപ്പ് ചോദിക്കുന്നു. (ഈ വാക്ക് തേടി അലയണമെന്നില്ല, നീളമുള്ള വാക്കുകളോടുള്ള ഭയം എന്നാണ് അര്‍ഥം) പക്ഷെ പുതിയ പുസ്തകമായ പാരഡോക്‌സികല്‍ പ്രൈമിനിസ്റ്ററില്‍ പാരഡോക്‌സിക്കലിനപ്പുറം വലിയ വാക്കുകളൊന്നുമില്ലെന്നും തരൂര്‍ പറയുന്നു.

പുസ്തകത്തിന്റെ പ്രകാശനവുമായി ബന്ധപ്പെട്ട് My new book, THE PARADOXICAL PRIME MINISTER, is more than just a 400-page exercise in floccinaucinihilipilification എന്നായിരുന്നു ഇന്നലത്തെ പുതിയ ട്വീറ്റ്. ഇതില്‍ ‘ഫ്‌ലോ്കസിനോസിനിഹിലിപിലിഫിക്കേഷന്‍’ എന്ന വാക്കിന്റെ അര്‍ഥം തേടുകയാണ് എല്ലാവരും. എന്നാല്‍ അവസാനമായി തരൂര്‍ ഉപയോഗിച്ച വാക്ക് ചില്ലറക്കാരനല്ല. 2012 ഫെബ്രുവരി 24ന് ബ്രിട്ടീഷ് പാര്‍ലമെന്റിലാണ് ഈ വാക്ക് ആദ്യമായി പ്രയോഗിക്കപ്പെട്ടത്. എംപി ജേക്കബ് റീസ് മോഗ് ആയിരുന്നു വാക്ക് പ്രയോഗിച്ചത്. മൂല്യമോ പ്രാധാന്യമോ ഇല്ലാതെ തള്ളിക്കളയുന്ന സ്വഭാവം അല്ലെങ്കില്‍ പ്രവൃത്തി എന്നായിരുന്നു വാക്കിന്റെ അര്‍ഥം.