പെര്‍ഫ്യൂം ഉപയോഗിച്ച് നരഭോജി കടുവയെ പിടികൂടാന്‍ ശ്രമം

പ്രദേശവാസികളെ ഭീതിയിലാഴ്ത്തുന്ന കടുവയെ പിടികൂടാന്‍ പഠിച്ച പണി പതിനെട്ടും നോക്കുകയാണ് മഹാരാഷ്ട്രയിലെ പാണ്ഡ്‌വര്‍ കവടയിലെ അധികൃതര്‍. പാരാ ഗ്ലൈഡറുടെ സഹായം മുതല്‍ പെര്‍ഫ്യൂം വരെ ഉപയോഗിച്ച് കടുവയെ ‘ആകര്‍ഷിച്ചു പിടിക്കാനുള്ള’ ശ്രമമാണ് നടക്കുന്നത്.

ഇതിനോടകം ഒമ്പതുപേരുടെ ജീവനാണ് ഈ കടുവയെടുത്തത്‌. ‘ടി വണ്‍’ എന്നാണ് ഈ പെണ്‍കടുവയ്ക്ക് അധികൃതര്‍ പേരു നല്‍കിയിരിക്കുന്നത്.

കടുവയെ കെണിയില്‍ ആക്കാന്‍ പണ്ടുമുതലേ ഉപയോഗിച്ച് വന്ന വഴികള്‍ എല്ലാം പരാജയപ്പെട്ടപ്പോള്‍ ഒരു പ്രമുഖ കമ്പനിയുടെ പെര്‍ഫ്യൂം ഉപയോഗിച്ച് കടുവയെ ആകര്‍ഷിച്ചു പിടിക്കാനുള്ള ശ്രമത്തിലാണ് അധികൃതരെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു.

വെരുക് പുറപ്പെടുവിക്കുന്ന കസ്തൂരിയുടേതിന് സമാനമായ ഗന്ധമുള്ള കൃത്രിമവസ്തു ഈ പെര്‍ഫ്യൂമില്‍ ഉപയോഗിക്കുന്നുണ്ട്. പെര്‍ഫ്യൂമില്‍ അടങ്ങിയിരിക്കുന്ന ഈ വസ്തുവിന്റെ ഗന്ധം കടുവയെ ആകര്‍ഷിക്കുമെന്നും അതുവഴി കടുവയെ കൂട്ടിലാക്കാന്‍ സാധിക്കുമെന്നുമാണ് പ്രതീക്ഷിക്കുന്നതെന്ന് മൃഗഡോക്ടറായ എച്ച് എസ് പ്രയാഗ് പറയുന്നു.

കഴിഞ്ഞ 25 ദിവസമായി മേഖലയില്‍ ഭീതിയുണര്‍ത്തുന്ന കടുവയെ പിടികൂടാന്‍ പെര്‍ഫ്യൂം മാത്രമല്ല, പാരാഗ്ലൈഡറുടെ സേവനവും വനംവകുപ്പ് അധികൃതര്‍ തേടിയിരുന്നു. കടുവ സഞ്ചരിക്കുന്നിടങ്ങള്‍ കണ്ടെത്താനായിരുന്നു ഇത്. കൂടാതെ നായകളുടെയും ഡ്രോണുകളുടെയും സഹായം കടുവയെ കണ്ടെത്താനായി തേടിയിരുന്നു. എങ്കിലും ഇതുവരെ കടുവയെ പിടികൂടാന്‍ സാധിച്ചിട്ടില്ല.