ശബരിമല ; എതിർ പ്രചാരണങ്ങളെ പ്രതിരോധിക്കാൻ സിപിഎം തീരുമാനം

ശബരിമല സ്ത്രീ പ്രവേശനത്തില്‍ എതിര്‍ പാര്‍ട്ടികളുടെ പ്രചാരണങ്ങളെ പ്രതിരോധിക്കാന്‍ വര്‍ഗ ബഹുജന സംഘടനകളിലൂടെ പ്രചാരണം ശക്തമാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം.

രാഷ്ട്രീയമായി തിരിച്ചടി നേരിട്ടിട്ടില്ല. പാളിച്ച സംഭവിച്ചിട്ടില്ല. സര്‍ക്കാരിനെതിരെ വിമര്‍ശനങ്ങളില്ല. രാഷ്ട്രീയമായി നേരിടുകയാണ് വേണ്ടത്. എതിര്‍ പ്രചാരണങ്ങള്‍ നടത്തുന്നത് രാഷ്ട്രീയമായി ഗുണം ചെയ്യും. കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ബിജെപിയ്ക്കാണ് ഗുണം ചെയ്യുക എന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തി.

അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിന്റെ പേരില്‍ പ്രതിപക്ഷം ആളുകളെ ഭിന്നിപ്പിക്കാന്‍ ശ്രമം നടത്തുന്നുവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനങ്ങളുടെ ശക്തിയില്‍ വിശ്വാസം അര്‍പ്പിച്ച് ചെറുത്ത് നില്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും ശബരിമല വിധി രാഷ്ട്രീയവത്കരിക്കാനാണ് ശ്രമം. സര്‍ക്കാര്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും ആരു വിചാരിച്ചാലും ഇത് വൈകാരിക പ്രശ്‌നമാക്കി മാറ്റാന്‍ കഴിയില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി പറഞ്ഞു.