ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ്സ് സ്വിറ്റ്‌സര്‍ലന്‍ഡ് കേരളാ ചാപ്റ്റര്‍ രൂപീകൃതമായി

ഒരു ജനതയുടെ മുഴുവന്‍ ആത്മാവിഷ്‌ക്കാരത്തിന്റെ പരിഛേദമെന്നോണം അടിച്ചമര്‍ത്തലിന്റെയും അടിമത്വത്തിന്റെയും ഇരുട്ടില്‍ നിന്നും അഹിംസയുടെ തീജ്വാലയായി സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ലോകത്തേക്ക് നയിച്ച ഗാന്ധിജിയും, ശൈശവത്തില്‍ നിന്നും കൗമാരത്തിലേക്ക് ഇന്ത്യയെ കൈ പിടിച്ചുയര്‍ത്തിയ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹൃവുമുള്‍പ്പെടെ ഒരുപാട് മഹാരഥന്‍മാര്‍ സമരവീര്യങ്ങളുടെ കനല്‍വഴികള്‍ താണ്ടി നമുക്ക് മുമ്പില്‍ വിഭാവനം ചെയ്തു തന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് എന്ന കരുത്തുറ്റ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ സ്വിസ്സ് കേരള ചാപ്റ്റര്‍ സിറ്റ്‌സര്‍ലണ്ടില്‍ രൂപീകരിക്കപ്പെട്ടു.

ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സ്വിറ്റ്‌സര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങളെ ഏകോപ്പിപ്പിക്കുന്നതിനായി കോണ്‍ഗ്രസ്സ് പാരമ്പര്യത്തില്‍ അടിയുറച്ചു നില്‍ക്കുന്ന പതിനേഴഗ കമ്മിറ്റി എ.ഐ.സി.സി യുടെ അംഗീകാരത്തോടെ നിലവില്‍ വന്നു. ടോമി തൊണ്ടാംകുഴി ചെയര്‍മാനായും ജോയ് കൊച്ചാട്ട് പ്രസിഡന്റായും ജോയി വില്ലന്‍ന്താനം കോ ഓര്‍ഡിനേറ്ററായും ടോമി വിരുത്തിയേല്‍ സെക്രട്ടറിയായും പ്രിന്‍സ് കാട്രുകുടിയില്‍ ട്രഷററായും ജുബിന്‍ ജോസഫ് മീഡിയാ കോര്‍ഡിനേറ്ററായും കൂടാതെ വൈസ് ചെയര്‍മാന്‍മാരായി വര്‍ഗീസ് ചെറുപറമ്പില്‍ സന്തോഷ് കരിയപ്പുറം ദേവസ്യാ നല്ലൂര്‍ വൈസ് ചെയര്‍പേഴ്‌സണായി സിസി കരിയപ്പുറത്തിനേയും കൂടാതെ വൈസ് പ്രസിഡന്റുമാരായി സാന്റി പള്ളിക്കമാലില്‍ ജോജി മൂഞ്ഞേലില്‍ ദിലീപ് രാമചന്ദ്രന്‍ എലിസബത്ത് ലോറന്‍സ് എന്നിവരേയും കൂടാതെ ജോയിന്റ സെക്രട്ടറിമാരായി സാജു പൊന്നാനകുന്നേല്‍, സിന്‍ജോ നെല്ലിശ്ശേരി, ബിജു പാറത്തലക്കല്‍ എന്നിവരും ചാര്‍ജെടുത്തു.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ് ഇന്ത്യയെ വളര്‍ത്തിയെടുത്തു കൊണ്ട് നാനാത്വവും ഏകത്വവും കാത്തു സൂക്ഷിച്ച് സമാനതകളില്ലാത്ത സാമ്പത്തിക ശക്തിയായി കെട്ടിപ്പടുത്തതില്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ പങ്ക് അവര്‍ണനീയമാണ്. വര്‍ത്തമാന കാലഘട്ടത്തില്‍ രാജ്യം അഭീമുഖീകരിക്കുന്ന അതിഭീകരമായ വര്‍ഗീയ ശക്തികളുടെ കടന്നുകയറ്റവും സാമ്പത്തിക കെട്ടുറപ്പിനെ തച്ചുതകര്‍ക്കുന്ന പിന്‍തിരിപ്പന്‍ നയങ്ങളും പതിറ്റാണ്ടുകളായി നാം കാത്തു സൂക്ഷിച്ച ഭാരതത്തിന്റെ സുസ്ഥിരതക്ക് തന്നെ കോട്ടം വരുത്തുമെന്നതില്‍ സംശയമില്ല.

ഭാരത മാതാവിന്റെ ഗ്രാമവിശുദ്ധിക്കുമേല്‍ കളങ്കം വീഴാതെ കാത്തു സൂക്ഷിച്ച കൈപ്പത്തിയടയാളത്തിന്റെ പ്രശോഭയില്‍ കാലങ്ങള്‍ കടന്നു പോയാലും കാരിരുമ്പിന്റെ കരുത്തോടെ ലോകത്തിനു മുന്നില്‍ ഇന്ത്യയെ പ്രതിഷ്ഠിക്കുവാന്‍ ഇന്ത്യന്‍ നാഷണല്‍ കോഗ്രസിനു മാത്രമേ കഴിയൂ എന്ന തിരിച്ചറിവിന്റെ കാലമാണിത്, മാതൃരാജ്യത്തിന്റെ മനോഹാരിത വിരിയുന്ന പുത്തന്‍പുലര്‍കാലത്തിനായി നമ്മുക്ക് കൈ കോര്‍ക്കാം.

പുതുതായി നിലവില്‍ വന്നിരിക്കുന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സ്വിസ് കേരള ഘടകത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തക, അനുഭാവികളുടേയും കൂടാതെ എല്ലാ സ്വിസ് മലയാളികളുടേയും സഹകരണം കമ്മിറ്റിക്കു വേണ്ടി ചെയര്‍മാന്‍ ടോമി തൊണ്ടാംകുഴിയും പ്രസിഡന്റ് ജോയി കൊച്ചാട്ടും അഭ്യര്‍ത്ഥിച്ചു.

റിപ്പോര്‍ട്ട്: ജൂബിന്‍ ജോസഫ്