മതങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കൂച്ചുവിലങ്ങിടാന്‍ നിയമപരിഷ്ക്കരണവുമായി കേരള സര്‍ക്കാര്‍

ക്രിസ്ത്യാനികളുടെ പ്രധാന മതപരമായ ആചാരമായ കുര്‍ബാന അപ്പവും വീഞ്ഞും നാവില്‍ നല്‍കുന്നതടക്കമുള്ള ചടങ്ങുകള്‍ വിലക്കാനുതകുന്ന തരത്തിലുള്ള നിയമപരിഷ്‌ക്കരണം നടത്താന്‍ തയ്യറായി കേരള സര്‍ക്കാര്‍.

ഒരാളില്‍നിന്ന് വേറൊരാളിലേക്ക് രോഗാണുക്കള്‍ പടരാന്‍ സാധ്യതയുള്ള മതചടങ്ങുകള്‍ വിലക്കാന്‍ എന്ന പേരിലാണ് നിയമപരിഷ്‌കരണവുമായി സര്‍ക്കാര്‍ രംഗത്ത് വന്നിരിക്കുന്നത്. നിയമപരിഷ്‌കരണ കമ്മിഷനാണ് ശുപാര്‍ശ ചെയ്തത്.

‘ദി കേരള റെഗുലേഷന്‍ ഓഫ് പ്രൊസീജിയേഴ്സ് ഫോര്‍ പ്രിവന്റിങ് പേഴ്സണ്‍ ടു പേഴ്സണ്‍ ട്രാന്‍സ്മിഷന്‍ ഓഫ് ഇന്‍ഫെക്ഷിയസ് ഓര്‍ഗാനിസംസ്’ എന്നാണ് നിര്‍ദിഷ്ട നിയമത്തിന്റെ പേര്. കമ്മിഷന്‍തന്നെ ഇക്കാര്യത്തില്‍ പൊതുജനാഭിപ്രായം തേടും. അതിനുശേഷം ആവശ്യമായ മാറ്റംവരുത്തി സര്‍ക്കാരിന് സമര്‍പ്പിക്കും. സര്‍ക്കാരിന് സ്വീകാര്യമെങ്കില്‍ നിയമസഭയില്‍ അവതരിപ്പിച്ച് നിയമമാക്കുമെന്നും സൂചനകളുണ്ട്.

നിപ വൈറസ് പടര്‍ന്നുപിടിച്ചപ്പോള്‍ ഇത്തരം നിയമത്തിന്റെ ആവശ്യകത ഏറെ ചര്‍ച്ചയായിരുന്നു. കുര്‍ബാന അപ്പവും വീഞ്ഞും കൈകളില്‍ നല്‍കണമെന്ന് സിറോ മലബാര്‍ സഭയുടെ താമരശ്ശേരി രൂപത ആ സമയത്ത് പ്രത്യേകം ഇടയലേഖനം ഇറക്കുകയും ചെയ്തിരുന്നു.

ഇത്തരം ചടങ്ങുകളും ആരാധനാ രീതികളും നിരോധിക്കാന്‍ സര്‍ക്കാരിന് അധികാരം നല്‍കണമെന്ന് ജസ്റ്റിസ് കെടി തോമസ് അധ്യക്ഷനായ സമിതി തയ്യാറാക്കിയ കരട് ബില്ലില്‍ നിര്‍ദേശിക്കുന്നു. എന്നാല്‍, ഏതൊക്കെ ചടങ്ങാണ് വിലക്കേണ്ടതെന്ന് ഇതില്‍ എടുത്തുപറഞ്ഞിട്ടില്ല.

ഉമിനീര്‍, വായു, രക്തം, ശരീരസ്രവങ്ങള്‍ എന്നിവവഴി പകരാന്‍ സാധ്യതയുള്ള രോഗങ്ങള്‍ നിയന്ത്രിക്കലാണ് നിയമത്തിന്റെ പ്രധാന ലക്ഷ്യം. പക്ഷിപ്പനി, എബോള, നിപ, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങളുടെ സാധ്യതാമേഖലയില്‍ കേരളവും ഉള്‍പ്പെട്ടതോടെയാണ് ഈ നിര്‍ദേശങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.

ജസ്റ്റിസ് കെ ടി തോമസ് അടക്കമുള്ള നിയമവിദഗ്ധരും ആരോഗ്യപ്രവര്‍ത്തകരും ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന്‍ പോലെയുള്ള സംഘടനകളും നിയന്ത്രണങ്ങളുടെ ആവശ്യം ചൂണ്ടിക്കാട്ടി രംഗത്തുണ്ട്. പ്രസ്തുത നിയമം നിലവില്‍വന്നാല്‍ പ്രത്യേക വിജ്ഞാപനത്തിലൂടെ ഒരു പ്രദേശത്തോ സംസ്ഥാനം മുഴുവനായോ നിശ്ചിതകാലത്തേക്ക് ചടങ്ങുകള്‍ നിരോധിക്കാമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.

നിയമം ലംഘിക്കുന്നവര്‍ക്ക് ആറുമാസംവരെ തടവോ പതിനായിരം രൂപ പിഴയോ രണ്ടും കൂടിയോ ശിക്ഷനല്‍കാനും വ്യവസ്ഥ വരുന്നുണ്ട്. അതേസമയം വിഷയത്തില്‍ വിശ്വാസികളുടെ എതിര്‍പ്പ് ഉണ്ടാകും എന്ന കാര്യം വ്യക്തമായി കഴിഞ്ഞു.