ഗുര്‍ജ കൊടുമുടി കയറി തിരിച്ചിറങ്ങിയ എട്ട് പര്‍വതാരോഹകര്‍ ഹിമപാതത്തില്‍ മരിച്ചു

ഗുര്‍ജാ കൊടുമുടിയില്‍ പര്യവേഷണത്തിനെത്തിയ എട്ടുപേര്‍ ഹിമപാതത്തില്‍ മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. സംഘം തങ്ങിയ ക്യാമ്പ് ക്യാമ്പ് ഹിമപാതത്തില്‍ നശിച്ചതായാണ് വിവരം.

ദക്ഷിണ കൊറിയയില്‍ നിന്നുള്ള എട്ട് പര്‍വതാരോഹകരുടേയും ഇവരുടെ ഗൈഡുകളുടേയും മൃതശരീരങ്ങള്‍ ക്യാമ്പിനടുത്തുള്ളതായി വിവരം ലഭിച്ചുവെന്നും കനത്ത മഞ്ഞുവീഴ്ച കാരണം അവിടേയ്ക്കെത്താന്‍ സാധിക്കുന്നില്ല എന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.

ഒമ്പതംഗസംഘത്തിലെ ഒരാളെ കാണാതായെന്നും ഇയാളും മരിച്ചതായാണ് കരുതുന്നതെന്നും പോലീസ് വ്യക്തമാക്കി. ഹെലികോപ്ടറില്‍ രക്ഷാസംഘം ഇവിടേക്കെത്തിയെങ്കിലും കടപുഴകിയ മരങ്ങളും മഞ്ഞിന്‍പാളികളും കാരണം സംഘത്തിലെ അംഗങ്ങള്‍ക്ക് സംഭവ സ്ഥലത്ത് ഇറങ്ങാന്‍ കഴിഞ്ഞില്ല.

നേപ്പാളിലെ വാങ്ചു ഷേര്‍പ്പ ട്രെക്കിങ് ക്യാമ്പ് അധികൃതരാണ് ഇവര്‍ക്കുണ്ടായ അപകടത്തെ കുറിച്ച് പോലീസിന് വിവരം നല്‍കിയത്. 24 മണിക്കൂറോളം സംഘത്തില്‍ നിന്ന് വിരമൊന്നും ലഭിക്കാതെ വന്നപ്പോഴാണ് അധികൃതര്‍ പോലീസിനെ അറിയിച്ചത്. 7,193 മീറ്റര്‍ ഉയരമുള്ള ഗുര്‍ജ കൊടുമുടിയുടെ താഴെ തങ്ങിയിരുന്ന സംഘം കാലാവസ്ഥ അനുകൂലമാകാന്‍ കാത്തിരിക്കുകയായിരുന്നു.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികള്‍ കീഴടക്കിയ കിം ചാങ് ഹോയും സംഘത്തിലുണ്ടായിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്.