അമ്മയ്ക്കും മോഹന്‍ലാലിനും എതിരെ രൂക്ഷമായ ആരോപണങ്ങളുമായി ഡബ്ല്യുസിസി വാര്‍ത്താ സമ്മേളനം

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വുമണ്‍ ഇനി സിനിമ കളക്ടീവ് അംഗങ്ങള്‍. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കമുള്‌ല ഭാരവാഹികള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് നടിമാരുടെ ഭാഗത്ത് നിന്നുണ്ടായത്.

മൂന്ന് ദിവസം മുന്‍പ് അമ്മ പ്രസിഡന്റ് ഞങ്ങളെ വാര്‍ത്താസമ്മേളനത്തില്‍ വിശേഷിപ്പിച്ചത് നടിമാര്‍ എന്നാണ്. ഞങ്ങളുടെ പേര് പോലും പറയാന്‍ അങ്ങേര്‍ക്ക് സാധിച്ചില്ല. അതുകൊണ്ടാണ് വാര്‍ത്താസമ്മേളനത്തിന് വന്നപ്പോള്‍ ഞങ്ങളെല്ലാവരും സ്വയം ഒന്നു പരിചയപ്പെടുത്തിയത്.

ദിലീപ് വിഷയത്തില്‍ പരാതിപ്പെട്ട തങ്ങള്‍ മൂന്ന് പേരെ ‘നടിമാര്‍’ എന്നാണ് ‘അമ്മ’ പ്രസിഡന്റ് മോഹന്‍ലാല്‍ മാധ്യമങ്ങളോട് വിശേഷിപ്പിച്ചതെന്ന് രേവതി പറഞ്ഞു. ‘ഞങ്ങള്‍ മൂന്ന് പേരുടെ പേരുകള്‍ പറയാന്‍ അയാള്‍ക്ക് സാധിച്ചില്ലേ? പാര്‍വ്വതി, രേവതി, പത്മപ്രിയ എന്നിങ്ങനെയാണ് ഞങ്ങളുടെ പേരുകള്‍. ഈ വിഷയത്തില്‍ ‘അമ്മ’ നേതൃത്വത്തെ സമീപിച്ചത് ഞങ്ങള്‍ക്ക് വേദന നല്‍കുന്ന അനുഭവമായിരുന്നു’, രേവതി പറഞ്ഞു.

ഏഴാം തീയതി നടന്ന അമ്മ എക്‌സിക്യൂട്ടീവ് ചര്‍ച്ചയില്‍ ആദ്യത്തെ നാല്‍പ്പത് മിനിറ്റ് തങ്ങള്‍ ജനറല്‍ ബോഡിക്ക് വന്നില്ലെന്നും മറ്റുമുള്ള കാര്യങ്ങളാണ് അമ്മ ഭാരവാഹികള്‍ പറഞ്ഞത്. അക്രമിക്കപ്പെട്ട നടിയ്ക്ക് നേരെ പോലും ആദ്യഘട്ടത്തില്‍ കുറ്റപ്പെടുത്തലുകളുണ്ടായി. പിന്നീട് ആ നടി അയച്ച ഒരു ശബ്ദസന്ദേശം യോഗത്തില്‍ കേള്‍പ്പിച്ചു. ഇതിന് ശേഷമാണ് തങ്ങള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ പോലും അമ്മ ഭാരവാഹികള്‍ തയ്യാറായത്. ഓഗസ്റ്റ് ഏഴിന് അക്രമത്തിനിരയായ നടി നല്‍കിയ രാജിക്കത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

35 വര്‍ഷമായി സിനിമാമേഖലയിലുള്ള ആളാണ് താനെന്നും എന്നാല്‍ ‘അമ്മ’യുടെ പരിപാടികള്‍ക്ക് തന്നെ വിളിക്കാറില്ലെന്നും അതിനാല്‍ പങ്കെടുക്കാറില്ലെന്നും രേവതി പറഞ്ഞു. ഈ വിഷയത്തിന് ഇറങ്ങിയതുതന്നെ ഡബ്ല്യുസിസി കാരണമാണ്. തനിച്ച് നില്‍ക്കുകയായിരുന്നെങ്കില്‍ ഞാന്‍ സംസാരിക്കില്ലായിരുന്നു. ചിലപ്പോള്‍ അക്രമിക്കപ്പെട്ട സഹപ്രവര്‍ത്തകയ്ക്ക് ഒപ്പമുണ്ടെന്ന ഒരു മെസേജ് അയക്കുമായിരിക്കും. ‘അമ്മ’ വിളിച്ച മീറ്റിംഗിന് പോയതും ഡബ്ല്യുസിസിയുടെ ഭാഗമായതുകൊണ്ടാണ്.’

കുറ്റാരോപിതനായ ആള്‍ ഇപ്പോള്‍ സംഘടയ്ക്ക് അകത്താണ്. അക്രമിക്കപ്പെട്ടയാള്‍ പുറത്തും. ഇതാണോ നീതി? രേവതി ചോദിച്ചു. വാര്‍ത്താസമ്മേളനത്തിനെത്തിയ ഓരോരുത്തരും സ്വയം പരിചയപ്പെടുത്തിയതിന് ശേഷമാണ് സംസാരിക്കാന്‍ തുടങ്ങിയത്.

അമ്മ ജനറല്‍ ബോഡിയിലെടുത്ത തീരുമാനത്തെ താന്‍ എങ്ങനെ തിരുത്തും എന്നാണ് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ ചോദിച്ചത്. എന്തിനും ഏതിനും ബൈലോയുടെ കാര്യം പറഞ്ഞു കൊണ്ടിരിക്കുന്ന അമ്മ ഭാരവാഹികള്‍ക്ക് ആരോപണവിധേയനായ നടനെ തിരിച്ചെടുത്തതിനെക്കുറിച്ച് പ്രത്യേകിച്ച് ഒന്നും പറയാനില്ല.

അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ അംഗങ്ങളെ വിശ്വാസിച്ചാണ് നമ്മള്‍ ചര്‍ച്ചയ്ക്ക് പോയത്. ആദ്യഘട്ട ചര്‍ച്ച കഴിഞ്ഞപ്പോള്‍ അവര്‍ പറഞ്ഞത് നമ്മുക്കിപ്പോള്‍ മാധ്യമങ്ങളോട് ഒന്നും പറയേണ്ട എന്നാണ്. ഒരു ചര്‍ച്ചയ്ക്ക് പരസ്പരവിശ്വാസം അനിവാര്യമാണ് അതിന്റെ പേരിലാണ് ഇത്രകാലവും നിശബ്ദരായിരുന്നത്. കുറ്റാരോപിതനായ ഒരാള്‍ സംഘടനയ്ക്കുള്ളില്‍ ഉണ്ട്. പീഡനത്തിന് ഇരയായ ആള്‍ സംഘടനയ്ക്ക് പുറത്താണ്. ഇതാണോ നീതി. ഇതിനെയാണോ നീതി എന്നു പറയുന്നത്.

നിര്‍വാഹകസമിതി യോഗത്തില്‍ പങ്കെടുത്ത നടന്‍ ബാബുരാജ് ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നാണ് ആക്രമണത്തിനിരയായ നടിയെ വിശേഷിപ്പിച്ചത്. നടിയ്ക്ക് വേണ്ടി കേസില്‍ കക്ഷിചേരാന്‍ വേണ്ട ഹര്‍ജി തയ്യാറാക്കിയ ആളാണ് ബാബു രാജ്. അദ്ദേഹം പറയുന്നത് കേട്ട് ഞെട്ടിയിരിക്കാന്‍ മാത്രമേ ഞങ്ങള്‍ക്ക് സാധിച്ചുള്ളൂ.

വുമണ്‍ ഇനി സിനിമകളക്ടീവ് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തപ്പോള്‍ മീ ടൂ ക്യാംപെയ്‌നിന്റെ പശ്ചാത്തലത്തില്‍ ചില വെളിപ്പെടുത്തലുകള്‍ ഉണ്ടാവും എന്ന തരത്തില്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. നമ്മുടെ ഇന്‍ഡസ്ട്രിയെ നാണം കെടുത്താനല്ല ഞങ്ങളിവിടെ വന്നത്. സിനിമയ്ക്കുള്ളിലെ ഒരുപാട് നാണംകെട്ട കഥകള്‍ ഞങ്ങള്‍ക്കറിയാം.

ഇതെല്ലാം വൈകാതെ പുറത്തു വരും. മീ ടൂ ക്യാപെയ്ന്‍ ഹോളിവുഡില്‍ തുടങ്ങും മുന്‍പേ ആ ദിശയില്‍ പോരാട്ടം തുടങ്ങിയവരാണ് ഡെബ്‌ള്യൂ.സി.സി. ഈ വാര്‍ത്താസമ്മേളനം ഞങ്ങളുടെ പോരാട്ടത്തിന്റെ അവസാനം അല്ല. തുടക്കം മാത്രമാണ്. – ബീനാ പോള്‍ പറഞ്ഞു.

അമ്മയില്‍ നിന്നും പാര്‍വ്വതിയോ രേവതിയോ പത്മപ്രിയയോ രാജിവയ്ക്കില്ല. അതിനകത്ത് നിന്നു കൊണ്ടു തന്നെ പോരാട്ടം തുടരും. വര്‍ഷങ്ങളായി കണ്ടും അനുഭവിച്ചും പോരുന്ന നീതിക്കേടുകള്‍ക്ക് ഒരവസാനം കാണുക തന്നെയാണ് ലക്ഷ്യമെന്നും വാഴ്ത്തിപാടിയ പോലെ ഒരു സത്കുടുംബമല്ല അമ്മയെന്നും നടി പാര്‍വ്വതി തിരുവോത്ത് പറഞ്ഞു.