ദേശിയഗാനത്തിനെ ബഹുമാനിച്ചില്ല ; ചൈനയില്‍ സെലിബ്രിറ്റിക്ക് ജയില്‍ശിക്ഷ

ദേശിയഗാനത്തിനെ അപമാനിച്ചു എന്ന് കാട്ടി ചൈനയില്‍ യുവതിക്ക് ജയില്‍ ശിക്ഷ. ദേശീയഗാനം മോശമായി ആലപിച്ചതിനാണു ദേശീയഗാനത്തെ അപമാനിച്ചെന്ന് ആരോപിച്ചു ഇരുപത്തിയൊന്നുകാരിയായ യാങ് കെയിലിയ്ക്ക് അഞ്ച് ദിവസത്തേക്ക് തടവ്ശിക്ഷ വിധിച്ചത്. ചൈനയില്‍ വളരെയധികം ആരാധകരുള്ള ഓണ്‍ലൈന്‍ സെലിബ്രിറ്റികളില്‍ ഒരാളാണ് കെയിലി.

തന്റെ ലൈവ് യൂട്യൂബ് ഷോയില്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ അവതരിപ്പിക്കുന്ന രീതിയില്‍ ദേശീയഗാനത്തിന്റെ ആദ്യവരി ചൊല്ലിയതിനാണ് കെയിലിക്കെതിരേ കേസെടുത്തത്. ദേശീയഗാനം ആലപിക്കുന്ന സമയത്തെ കെയിലിയുടെ വസ്ത്രധാരണവും അംഗചലനങ്ങളും ദേശീയഗാനത്തെ അപമാനിക്കുന്ന തരത്തിലുള്ളതായിരുന്നെന്നാണ് അധികൃതരുടെ വാദം. താന്‍ ചെയ്ത തെറ്റെന്തെന്ന് അറിയില്ലെന്ന് ആദ്യം നിലപാടെടുത്ത കെയിലി തുടര്‍ന്ന് ക്ഷമാപണത്തിന് തയ്യാറായെന്നാണ് റിപ്പോര്‍ട്ട്.