ബിഷപ്പ് ജയില്‍ മോചിതനായി ; കേരളത്തില്‍ പ്രവേശിക്കരുത് എന്ന് നിര്‍ദേശം
പീഡനപരാതിയില്‍ അറസ്റ്റിലായി തടവിലായിരുന്ന ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ജയില്‍ മോചിതനായി. ഫ്രാങ്കോയ്ക്ക് ഇന്നലെ ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആണ് അദ്ദേഹം പാലാ സബ് ജയിലില്‍ നിന്നും മോചിതനായത്.
നൂറുകണക്കിന് വിശ്വാസികളും കന്യാസ്ത്രീകളുമാണ് ജയില്‍ മോചിതനായ ബിഷപ്പിനെ സ്വീകരിക്കാന്‍ ജയിലിന് മുന്നില്‍ തടിച്ചു കൂടിയത്. ജയിലിന് മുന്‍പിലെ റോഡ് ബ്ലോക്ക് ചെയ്ത് വിശ്വാസികള്‍ കുത്തിയിരുന്നതോടെ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടിരുന്നു.
പ്രാര്‍ത്ഥനഗീതങ്ങള്‍ പാടി കാത്തിരുന്ന വിശ്വാസികള്‍. ജയില്‍ കവാടത്തിലൂടെ പുറത്തു വന്ന ഫ്രാങ്കോയെ ബിഷപ്പ് കീ ജയ് വിളികളുമായാണ് സ്വീകരിച്ച് കൊണ്ടു പോയത്. കര്‍ശന ജാമ്യ വ്യവസ്ഥയിലാണ് ബിഷപ്പ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്നും ഇറങ്ങി 24 മണിക്കൂറില്‍ കേരളം വിടണം എന്നാണ് വ്യവസ്ഥ. അതിനാല്‍ അദ്ദേഹം ഇന്നു വൈകിട്ടത്തെ വിമാനത്തില്‍ തന്നെ ബിഷപ്പ് ജലന്ധറിലേക്ക് പോകും. രണ്ടാഴ്ച കൂടുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നിലെത്തി ഒപ്പിടണം, പാസ്‌പോര്‍ട്ട് കോടതിയില്‍ സറണ്ടര്‍ ചെയ്യണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
ജാമ്യം അനുവദിക്കുന്നതിനെതിരെ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുള്ള കാര്യമായ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നില്ല. ഇരകളായ കന്യാസ്ത്രീകളില്‍ ഏഴു പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തിക്കഴിഞ്ഞ സാഹചര്യത്തില്‍ സാക്ഷികളെ സ്വാധീനിക്കുമെന്ന ആശങ്കയ്ക്ക് ഇനി അടിസ്ഥാനമില്ലെന്ന നിഗമനത്തിലാണ് കോടതി ജാമ്യം അനുവദിച്ചത്. എന്നിരുന്നാല്‍ കൂടിയും സാക്ഷികളെ സ്വാധീനക്കാനുള്ള ശ്രമം നടത്തരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. കേരളത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന പ്രോസിക്യൂഷന്റെ ആവശ്യം കോടതി അംഗീകരിച്ചു.