സൈനിക രഹസ്യങ്ങള്‍ പാക്കിസ്ഥാന് കൈമാറിയ ഇന്ത്യന്‍ പട്ടാളക്കാരനായ ചാരന്‍ അറസ്റ്റില്‍
ഇന്ത്യന്‍ സൈന്യത്തില്‍ പ്രവര്‍ത്തിച്ചു പാക്കിസ്ഥാന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ പട്ടാളക്കാരന്‍ അറസ്റ്റില്‍.ഉത്തരാഖണ്ഡ് സ്വദേശിയും ഇന്ത്യന്‍ സൈന്യത്തിന്റെ സിഗ്‌നല്‍ റെജിമെന്റില്‍ ഉദ്യോഗസ്ഥനുമായ സൈനികനെയാണ് മീററ്റിലെ സൈനിക ക്യാമ്പില്‍ നിന്നും ബുധനാഴ്ച അറസ്റ്റ് ചെയ്തത്. ഇയാളുടെ പേരുവിവരങ്ങളോ മറ്റു വിശദാംശങ്ങളോ സൈന്യം പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ പത്തുവര്‍ഷമായി സൈന്യത്തില്‍ സേവനമനുഷ്ടിക്കുന്ന ഉദ്യോഗസ്ഥനാണ് ചാരവൃത്തി ആരോപിച്ച് അറസ്റ്റിലായിരിക്കുന്നത്.
സൈന്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയിലെ നീക്കങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഇയാള്‍ പാക് ചാര സംഘടനയായ ഐ.എസ്.ഐയ്ക്ക് ചോര്‍ത്തിനല്‍കിയെന്നാണ് സംശയിക്കുന്നത്. കഴിഞ്ഞ പത്തുമാസമായി ഇയാള്‍ പാകിസ്താന്‍ ബന്ധമുള്ളവരുമായി ആശയവിനിമയം നടത്തിയിരുന്നതായും, ഇതിനെതുടര്‍ന്ന് മൂന്ന് മാസം മുമ്പ് തന്നെ സൈന്യം ആഭ്യന്തര അന്വേഷണം ആരംഭിച്ചിരുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വാട്സാപ്പ് മുഖേനയാണ് വിവരങ്ങള്‍ കൈമാറിയിരുന്നത്. വിശദമായ ചോദ്യംചെയ്യല്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
അതേസമയം മറ്റു സൈനികര്‍ക്കും സംഭവത്തില്‍ പങ്കുള്ളതായി ഇയാള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇതിനെതുടര്‍ന്ന് സൈനിക ക്യാമ്പിലെ കൂടുതല്‍ സൈനികരെ ചോദ്യംചെയ്യലിന് വിധേയമാക്കി. ഒരാഴ്ച മുമ്പ് ബ്രഹ്മോസിലെ യുവഎന്‍ജിനീയറെയും ചാരവൃത്തിക്കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ടുകളിലൂടെയുള്ള ഹണിട്രാപ്പില്‍ കുരുങ്ങിയ ബ്രഹ്മോസ് എന്‍ജിനീയര്‍ ഐ.എസ്.ഐ ബന്ധമുള്ളവര്‍ക്ക് നിര്‍ണായക വിവരങ്ങള്‍ കൈമാറുകയായിരുന്നു.