പാര്‍ലമെന്റ് അംഗം കെ.സി വേണുഗോപാല്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ചു
ജെജി മാത്യു മാന്നാര്‍
വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ സിറ്റി: ഇറ്റലി ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനായുള്ള പാര്‍ലമെന്റ് പ്രതിനിധി സംഘത്തോടൊപ്പം റോമിലെത്തിയ ആലപ്പുഴ മണ്ഡലത്തില്‍ നിന്നുള്ള പാര്‍ലമെന്റ് അംഗം കെ.സി വേണുഗോപാല്‍ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. പ്രത്യേക വി.ഐ.പി ലോഞ്ചില്‍ എത്തിയാണ് പാപ്പായെ അദ്ദേഹം നേരില്‍ കണ്ടത്.
ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്ര സാഘോത്തോടൊപ്പം എത്തിയതായിരുന്നെങ്കിലും, ചുരുങ്ങിയ സമയത്തിനുള്ളില്‍ അദ്ദേഹം മാര്‍പാപ്പയെ കാണാനും, അതേസമയം ഇട്ടായിലയിലെ കോണ്‍ഗ്രസ് അനുഭാവികളോട് ആശയവിനിമയം നടത്താനും സമയം കണ്ടെത്തി. പ്രളയ ദുരന്തത്തിന്റെ കെടുതികളില്‍ നിന്ന് കേരള ജനതക്ക് കരകയറാന്‍ ദൈവത്തിന്റെ അനുഗ്രഹമുണ്ടാകട്ടെയെന്ന പ്രാര്‍ത്ഥനയും പ്രത്യാശയുമാണ് അനുഗ്രഹത്തോടൊപ്പം പാപ്പ നല്‍കിയതെന്ന് എം.പി പ്രതികരിച്ചു.
ദൈവീകത്വം തുളുമ്പുന്ന പ്രവൃത്തികളിലൂടെ നന്മനിറഞ്ഞ വാക്കുകളിലൂടെ ലോകത്തിനും മാനവരാശിക്കും പാപ്പ നല്‍കുന്ന അനുഗ്രഹ വര്‍ഷം നേരിട്ട് അനുഭവിക്കാന്‍ ലഭിച്ച ഭാഗ്യത്തിന് അനുമതി നേടാന്‍ സഹായിച്ച അഭിവന്ദ്യ പിതാവ് ബസേലിയേസ് ക്ലിമ്മീസ് തിരുമേനിക്കും എം.പി നന്ദി അറിയിച്ചു.
കേന്ദ്ര സര്‍ക്കാര്‍ പ്രനിധികള്‍ ഇറ്റലിയിലേയ്ക്ക് നടത്തുന്ന ഇന്ത്യന്‍ ഗുഡ് വില്‍ ഡെലിഗേഷന്‍ ടീമിന്റെ ഭാഗമായി റോമില്‍ എത്തിയതായിരുന്നു അദ്ദേഹം. സംഘത്തോടൊപ്പം ഇന്ത്യയുടെ ജലവിഭവ ശേഷി മന്ത്രിയടക്കം മുതിര്‍ന്ന ഉദ്യോഗസ്ഥരും ഗുഡ് വില്‍ ഡെലിഗേഷന്‍ മീറ്റില്‍ പങ്കെടുത്തു.