ശബരിമല വിഷയത്തില്‍ ഗവർണർ ഇടപെടുന്നു ; ഡിജിപിയെ നേരിട്ട് വിളിപ്പിച്ചു
ശബരിമലയിലെ ക്രമസമാധാന വിഷയത്തില്‍ ഗവര്‍ണര്‍ ഡിജിപിയോട് തല്‍സ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് തേടി. അടിയന്തരമായി രാജ്ഭവനിലേയ്ക്ക് വിളിപ്പിച്ചാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയോട് തല്‍സ്ഥിതി സംബന്ധിച്ചുള്ള വിശദാംശങ്ങള്‍ തേടിയത്. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റ് നീണ്ടുനിന്നു.
ക്രമസമാധാനം പാലിയ്ക്കണമെന്ന് ഗവര്‍ണര്‍ ഡിജിപിയ്ക്ക് നിര്‍ദേശം നല്‍കി. യുവതികളെ തിരിച്ചുകൊണ്ടുവരാന്‍ നിര്‍ദേശം കിട്ടിയെന്ന് ഡിജിപി ഗവര്‍ണറെ അറിയിച്ചു. അടുത്ത ഘട്ടത്തില്‍ സ്വീകരിയ്ക്കുന്ന നടപടികള്‍ അറിയിക്കണമെന്ന് ഡിജിപിയോട് ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ചര്‍ച്ച കഴിഞ്ഞു പുറത്തേയ്ക്കിറങ്ങിയ ഡിജിപി വിഷയത്തില്‍ മാധ്യമങ്ങളോട് പ്രതികരിയ്ക്കാന്‍ തയ്യാറായില്ല.
രാവിലെ രണ്ട് സ്ത്രീകളെ സന്നിധാനത്തിനടുത്ത് നടപ്പന്തലിലെത്തിച്ചപ്പോഴുള്ള പ്രതിഷേധത്തിന്റെ സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ തലസ്ഥാനത്ത് തിരക്കിട്ട ചര്‍ച്ചകള്‍. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ എകെജി സെന്ററിലെത്തി സിപിഎം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി കൂടിക്കാഴ്ച നടത്തി.ഇന്ന് സിപിഎം അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് ചേരുകയാണ്. ഈ സാഹചര്യത്തിലാണ് മന്ത്രിയും സിപിഎം സംസ്ഥാനസെക്രട്ടറിയും കൂടിക്കാഴ്ച നടത്തിയത്.